കൊച്ചി: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ എൻ. ഭാസുരാംഗന്‍ വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ മുന്നിൽ ഹാജരായേക്കും. കഴിഞ്ഞദിവസം ഭാസുരാംഗൻ, മകൻ അഖിൽ ജിത്, മകൾ ഭിമ എന്നിവരെ 10 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്.
ഭാസുരാംഗന്‍റെ നികുതി രേഖകൾ അടക്കം ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഭാസുരാംഗന്‍റെ മകന്‍ അഖിൽ ജിത്തിന്‍റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക വളർച്ചയുടെ സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു.
ബാങ്കിന് 26 കോടിയുടെ നഷ്ടം മാത്രമാണു സംഭവിച്ചതെന്നും നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതാണു പ്രതിസന്ധിയുടെ കാരണമെന്നുമാണു ഭാസുരാംഗന്‍റെ വിശദീകരണം. കേസുമായി ബന്ധപ്പെട്ട് നേരത്തെ തിരുവനന്തപുരത്തെ ബാങ്കിലും ഭാസുരാംഗന്‍റെ വീട്ടിലും ഇഡി പരിശോധന നടത്തി രേഖകൾ കസ്റ്റഡിയിൽ എടുത്തിരുന്നു.