കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ എഞ്ചിനിയറിങ് കോളെജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത ശ്രദ്ധ സതീഷ് എന്ന വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പിൽ ആരെയും കുറ്റപ്പെടുത്തുന്ന ഒന്നും ഉണ്ടായിരുന്നില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്. ശ്രദ്ധയുടെ മുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.
'ഞാൻ പോകുന്നു' എന്ന് മാത്രമാണ് എഴുതിയിരുന്നത്. ആത്മഹത്യയുടെ കാരണത്തെക്കുറിച്ചോ കുറ്റക്കാരായ ആരെയെങ്കിലും കുറിച്ചുള്ള വിവരങ്ങളോ കുറിപ്പില്‍ ഉണ്ടായിരുന്നില്ല. ആത്മഹത്യയുടെ കാരണം കണ്ടെത്തുന്നതിനായി സമഗ്ര അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി പറഞ്ഞു.
കഴിഞ്ഞ വെളളിയാഴ്ചയാണ് അമല്‍ ജ്യോതി എഞ്ചിനിയറിങ് കോളെജില്‍ ഫുഡ് ടെക്നോളജി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായ തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കോളെജിനെതിരെ ആരോപണവുമായി ശ്രദ്ധയുടെ കുടുംബവും രംഗത്ത് വന്നിരുന്നു. തുടർന്ന് സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികളും സമരവുമായി രംഗത്തെത്തി സംഘർഷഭരിതമായ അന്തരീക്ഷത്തിലെത്തിയിരുന്നു. പിന്നീട് വിദ്യാർഥികളും മന്ത്രിമാരും മാനേജ്മെന്റും ചേർന്ന് നടത്തിയ ചർച്ചയിലാണ് കേസ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്താൻ തീരുമാനമായതും വിദ്യാർഥികൾ സമരം പിൻവലിച്ചതും.