കണ്ണൂർ എഡിഎമ്മിന്‍റെ മരണം: പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച

എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ച് ദിവ്യയുടെ അഭിഭാഷകൻ
kannur adm suicide: pp divya bail plea on november 8
കണ്ണൂർ എഡിഎമ്മിന്‍റെ മരണം: പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ച
Updated on

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വിധി പറയും. തലശേരി ജില്ലാ കോടതിയാണ് വിധി പറയുക. ഇന്ന് ദിവ്യയുടെയും പ്രോസിക്യൂഷന്‍റെയും എഡിഎമ്മിന്‍റെ കുടുംബത്തിന്‍റെയും വാദം കേട്ട ശേഷം കേസ് വിധിപറയാനായി മാറ്റുകയായിരുന്നു.

എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചാണ് ദിവ്യയുടെ അഭിഭാഷകൻ വാദിച്ചത്. കൈക്കൂലി നൽകിയതിനാണ് പ്രശാന്തനെ ജോലിയിൽ നിന്ന് സസ്പെന്‍റ് ചെയ്തത്. എഡിഎം പ്രശാന്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നും ഇരുവരും തമ്മിൽ കണ്ടുവെന്നും ഇതിന്‍റെ ദൃശ്യങ്ങൾ കെടിഡിസിയുടെ ഹോട്ടലിൽ നിന്ന് ശേഖരിക്കണമെന്നും ദിവ്യ ആവശ്യപ്പെട്ടു. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നതിന് തെളിവാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

അഞ്ചാം തീയ്യതി പ്രശാന്ത് സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ സ്വർണ വായ്പയെടുത്തതും ആറാം തീയ്യതി എഡിഎമ്മും പ്രശാന്തും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായതും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നും ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു.

എന്നാൽ ദിവ്യയുടെ വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ജാമ്യം നല്‍കിയാല്‍ പി പി ദിവ്യ സാക്ഷികളെ സ്വാധീനിക്കും. എഡിഎമ്മിനെതിരായ കൈക്കൂലി ആരോപണത്തില്‍ തെളിവില്ല. ഫോണ്‍ രേഖകള്‍ കൈക്കൂലിക്ക് തെളിവല്ല. നവീനെതിരെ ഇതുവരെ അഴിമതി ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. സത്യസന്ധനും സംശുദ്ധനുമായ ഓഫീസറാണ് നവീന്‍ബാബു. ഇപ്പോൾ ഉള്ളത് പ്രശാന്തിരന്‍റെ ആരോപണങ്ങളാണ്. പെട്രോള്‍ പമ്പിനുള്ള നിരാക്ഷേപ പത്രം എഡിഎം നവീന്‍ബാബു വൈകിച്ചിട്ടില്ല. യാത്രയയപ്പ് ചടങ്ങിലെ ദൃശ്യങ്ങൾ മനപ്പൂർവ്വം പ്രചരിപ്പിച്ചതാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

സെഷന്‍സ് ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് മുന്‍പാകെയാണ് വാദം നടന്നത്. അന്വേഷണ റിപ്പോര്‍ട്ട് പ്രോസിക്യൂട്ടര്‍ കോടതിയില്‍ നല്‍കി. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്കുമാറാണ് വാദം നടത്തിയത്. ദിവ്യയ്ക്കുവേണ്ടി അഡ്വ. കെ. വിശ്വനും നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷയ്ക്കുവേണ്ടി അഡ്വ. ജോണ്‍ എസ്. റാല്‍ഫ് എന്നിവർ ജാമ്യാപേക്ഷയില്‍ വാദം നടത്തി.

Trending

No stories found.

Latest News

No stories found.