കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ്. എഡിഎമ്മിന്‍റെ ആത്മഹത്യാക്കേസിനെ തുടർന്ന് പി.പി. ദിവ്യ രാജി വച്ച പ്രസിഡന്‍റ് പദവിയിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ കെ.കെ. രത്നകുമാരിയാണ് സിപിഎം സ്ഥാനാർഥി. കോൺഗ്രസിന്‍റെ ജൂബിലി ചാക്കോയാണ് യുഡിഎഫ് സ്ഥാനാർഥി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം ഉച്ചയോടെ പ്രഖ്യാപിച്ചേക്കും. അതേ സമയം വോട്ടെടുപ്പു നടക്കുന്ന സ്ഥലത്ത് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ കലക്റ്റരും തെരഞ്ഞെടുപ്പു വരണാധികാരിയുമായ അരുൺ കെ. വിജയൻ. എഡിഎമ്മിന്‍റെ ആത്മഹത്യാക്കേസിൽ സാക്ഷി കൂടിയാണ് കലക്റ്റർ.
സ്ഥലം മാറ്റം ലഭിച്ചതിനെത്തുടർന്ന് എഡിഎം നവീൻ ബാബുവിന് കഴിഞ്ഞ ഒക്റ്റോബർ 14നാണ് സഹപ്രവർത്തകർ യാത്രയയപ്പു നൽകിയത്. ആ യോഗത്തിലാണ് പി.പി. ദിവ്യ വിവാദ അഴിമതി ആരോപണങ്ങൾ ഉയർത്തിയത്.
പുറകേ എഡിഎം ആത്മഹത്യ ചെയ്യുകയായിരുന്നു. കേസിൽ അറസ്റ്റിലായ ദിവ്യ നിലവിൽ ജാമ്യത്തിലാണ്. എന്നാൽ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി ദിവ്യ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.