ബലിതര്‍പ്പണത്തിന് 70 രൂപ, തിലഹോമത്തിന് 50 രൂപ; കർക്കിടക വാവുബലിക്ക് ഇത്തവണ ഏകീകൃത ഫീസ്

വിപുലമായക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വം മന്ത്രി
karkidaka vavu bali tharpanam 2024
കർക്കിടക വാവുബലിക്ക് ഇത്തവണ ഏകീകൃത ഫീസ്file image
Updated on

തിരുവനന്തപുരം: ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിന് ദേവസ്വം ബോര്‍ഡ് കൂടുതല്‍ വിപുലമായക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി അവലോകനയോഗങ്ങള്‍ വിളിച്ചു. ബലിതര്‍പ്പണത്തിനായി 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിശ്ചിയിച്ചിരിക്കുന്ന ഫീസ്. ബലിതര്‍പ്പണം നടക്കുന്ന ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താത്കാലിക പന്തല്‍ നിര്‍മ്മിക്കുക, ബാരിക്കേഡുകള്‍ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തര്‍പ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബോര്‍ഡ് തലത്തില്‍ ഒരോ സ്ഥലത്തും സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിച്ചു.

മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എല്ലാ പ്രധാനകേന്ദ്രങ്ങളിലും സര്‍ക്കാര്‍ വകുപ്പുകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേരും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍സിന്‍റെ 20 ഗ്രൂപ്പുകളില്‍ 15 ഗ്രൂപ്പുകളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളുണ്ട്. അതില്‍ പ്രധാനമായിട്ടുള്ളത് 40 കേന്ദ്രങ്ങളാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വര്‍ക്കല, തിരുമുല്ലവാരം, ആലുവ എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലാണ് ബലിതര്‍പ്പണം നടക്കുന്നത്. ഈ പ്രധാന കേന്ദ്രങ്ങളുള്‍പ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളിലും ഭക്തര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും പുരോഹിതന്മാരെ നിയോഗിക്കുന്നതും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ്.

അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയര്‍ ഫോഴ്സിന്‍റെയും സ്കൂബാ ടീമിന്‍റെയും സേവനം ഉറപ്പ് വരുത്തും. ബലിതര്‍പ്പണ ചടങ്ങുകള്‍ നടത്തുന്ന ക്ഷേത്രത്തിനകത്തും മണ്ഡപങ്ങളിലും കടവിലും ആവശ്യാനുസരണം പുരോഹിതരെയും സഹപുരോഹിതരേയും ബോര്‍ഡ് നിയമിക്കും. ബലിക്ക് ആവശ്യമായ സാധനങ്ങള്‍ അതാത് ദേവസ്വങ്ങളില്‍ ലഭ്യമാക്കുന്നതിനും വിതരണം നടത്തുന്നതിനും ക്ലീനിംഗിനും മറ്റുമായി ജീവനക്കാരെ നിയോഗിക്കുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.