ബംഗളൂരു: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് തിരിച്ചടി. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന എക്സാലോജിക്കിന്‍റെ ഹർജി കർണാടക ഹൈക്കോടതി തള്ളി. ഇതോടെ സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണം തുടരാം. അന്വേഷണത്തില്‍ ഇടപെടാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗപ്രസന്നയുടെ ഉത്തരവ്.
എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എക്‌സാലോജിക്ക് കോടതിയില്‍ വാദിച്ചത്. കമ്പനി കാര്യ നിയമത്തിലെ ചട്ടം 210 പ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസി അന്വേഷണം തുടരുകയാണെന്നും ഇതുമായി സഹകരിക്കുന്നുണ്ടെന്നും എക്സാലോജിക് വാദിച്ചു. അതിനിടെ അതേനിയമത്തിലെ ചട്ടം 212 പ്രകാരം സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് നിലനില്‍ക്കില്ലന്നാണ് കേസ് റദ്ദാക്കാൻ വേണ്ടി എക്സാലോജികിന്‍റെ അഭിഭാഷകൻ വാദിച്ചത്. എന്നാല്‍ എസ്എഫ്ഐഒ അന്വേഷണം തുടങ്ങിയതോടെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്‍റെ അന്വേഷണം ഇല്ലാതായതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയായിരുന്നു.