അങ്കോല: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന്‍റെ ലോറി ഗംഗാവലി നദിയില്‍ കണ്ടെത്തിയെങ്കിലും രാത്രി രക്ഷാപ്രവർത്തനം നടത്താൻ സാധിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചിരുന്നു. ട്രക്ക് കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചത്.
ശക്തമായ കാറ്റും മഴയുമാണ് പ്രദേശത്ത് ഉള്ളത്. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും പുഴയിൽ ജലനിരപ്പ് കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്. നേരത്തെ രാത്രിയിലടക്കം തെരച്ചിൽ ഊർജിതമാക്കി എത്രയും വേഗം ട്രക്ക് കരയ്ക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കനത്ത മഴയും കാറ്റും കാരണം നാവികസേന പുഴയിൽനിന്ന് തിരികെ കരയിലേക്ക് മടങ്ങിയിരിക്കുകയാണ്. നേരത്തെ തെരച്ചിൽ രാത്രിയിലും തുടരാൻ തീരുമാനിച്ചിരുന്നു.
ദൗത്യം നാളെ പൂര്‍ണമാകുമെന്ന് എംഎല്‍എ സതീഷ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. അതുവരെ മാധ്യമങ്ങള്‍ തടസപ്പെടുത്തരുതെന്നും ഒരോ മണിക്കൂറിലും വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച വൈകിട്ടോടെയാണ് ഗംഗാവാലി പുഴയ്ക്കടിയിൽ കണ്ടെത്തിയ അർജുന്‍റെ ട്രക്ക് അർജുന്‍റെത് തന്നെ എന്ന് സ്ഥിരീകരിച്ചത്. കരസേനയുടെയും നാവിക സേനയുടെയും അത്യാധുനിക ഉപകരണങ്ങൾ ഒരേ സ്ഥലത്ത് തന്നെ സിഗ്നൽ കണ്ടെത്തിയ സാഹചര്യത്തിലാണ് സ്ഥിരീകരണം. കരയിൽ നിന്നും 20 മീറ്റർ അകലെയാണ് 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയിരിക്കുന്നത്. ലോറിയുള്ളത് കരയ്ക്കും മൺകൂനയ്ക്കും ഇടയിലെന്ന് വിവരം. വാഹനം കണ്ടെത്തിയിടത്ത് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തും. ആഴങ്ങളിൽ വീണ വസ്തുക്കൾ കണ്ടെത്താനുള്ള നാളത്തെ റഡാർ പരിശോധന പ്രധാനമാണ്.
ദൗത്യവുമായി ബന്ധപ്പെട്ട് കരസേനയും നാവികസേനയും ആക്ഷൻ പ്ലാൻ മുന്നോട്ട് വച്ചു. ട്രക്ക് പുറത്ത് എടുക്കുക എന്നതിനല്ല പ്രഥമ പരിഗണന അർജുനെ കണ്ടെത്തുന്നതിനാണെന്ന് സൈന്യം അറിയിച്ചു. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീട് ട്രക്ക് പുറത്തെടുക്കാൻ ശ്രമിക്കും. മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ ഇറങ്ങി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഷിരൂരിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് 9 ദിവസം പിന്നിടുകയാണ്.