ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനായുള്ള തെരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് 7 ദിവസം. രക്ഷാപ്രവർത്തരം രാവിലെ മുതൽ ആരംഭിച്ചു. മണ്ണിനടിയിൽ ലോറി ഇല്ലെന്ന നിഗമനത്തിലാണ് കർണാടക സർക്കാർ ഇന്നലെ അറിയിച്ചതെങ്കിലും കരയിൽ തന്നെ മലയോട് ചേർന്നുള്ള ഭാഗത്ത് ലോറിയുണ്ടാകാനാണ് സാധ്യതയെന്നാണ് രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലിന്‍റെ അനുമാനം.
ഇന്നലെ മുതൽ സൈന്യം രംഗത്തുണ്ട്. ഇവർ ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങളടക്കം കൊണ്ടു വന്ന് പരിശോധന നടത്തും. ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ മണ്ണുനീക്കി പരിശോധിക്കും. എന്നാൽ കരയിലെ പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും പുഴയിലെ പരിശോധന. ബെലഗാവിയിൽ നിന്നുള്ള 40 അംഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. രക്ഷാപ്രവർത്തകരും സൈന്യവുമായി സംയുക്ത യോഗം ചേർന്ന ശേഷം രക്ഷാപ്രവർത്തനം ഇനി എങ്ങനെയായിരിക്കണമെന്നുള്ള കാര്യത്തിൽ തീരുമാനമെടുക്കും.
വെള്ളത്തിലേക്ക് ട്രക്ക് പോയിട്ടുണ്ടെന്ന് സംശയം ഉണ്ടെങ്കിൽ അവിടെയും പരിശോധിക്കണമെന്നും തെരച്ചിലിന് വേഗം കൂട്ടണമെന്നും അർജുന്‍റെ കുടുംബം ആവശ്യപ്പെട്ടു. അതേസമയം, അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.