കരുവന്നൂർ കള്ളപ്പണമിടപാട് കേസ്: സിപിഎമ്മിനെ പ്രതി ചേർത്തു, 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി ഓഫിസ് നിര്‍മിക്കാന്‍ വാങ്ങിയ അഞ്ച് സെന്റ് ഭൂമിയും കണ്ടുകെട്ടി
karuvannur case ed seizes assets of cpm and named in-accused list
കരുവന്നൂർ കള്ളപ്പണമിടപാട് കേസ്: സിപിഎമ്മിനെ പ്രതി ചേർത്തു, 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
Updated on

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണമിടപാട് കേസിൽ സിപിഎമ്മിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി) പ്രതി ചേർത്തു. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്‍റെ പേരിലുള്ള സ്വത്തുക്കള്‍ അടക്കം 29. 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.

വര്‍ഗീസിന്‍റെ പേരിലുളള ഇരിങ്ങാലക്കുട പൊറത്തുശേരി സിപിഎം കമ്മിറ്റി ഓഫിസിന്‍റെ സ്ഥലവും സിപിഎമ്മിന്‍റെ 60 ലക്ഷം രൂപയുടെ 8 ബാങ്ക് അക്കൗണ്ടുകളും ഇഡി കണ്ടുകെട്ടിയവയിൽപ്പെടുന്നു. തൃശൂർ ജില്ലാ കമ്മിറ്റിയുടെ 2 അക്കൗണ്ടുകളും ഇതിലുണ്ട്. കണ്ടുകെട്ടിയ 73,63,000 രൂപയുടെ സ്വത്തുക്കൾ പാര്‍ട്ടിയുടെ പേരിലുള്ളവയാണ്. സിപിഎമ്മിന്‍റേതടക്കം 9 പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. പ്രതിചേർക്കപ്പെട്ട മറ്റ് വ്യക്തികൾ അനധികൃതമായി ബാങ്കിൽ നിന്നും പണം സമ്പാദിച്ചവരാണ്.

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്നാംഘട്ട സ്വത്തുമരവിപ്പിക്കലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റേത്. കണ്ടുകെട്ടിയതിൽ അധികവും ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ സ്വത്തുക്കളാണ്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് ഇഡി ഹൈക്കോടതിയില്‍ നേരത്തേ പറഞ്ഞിരുന്നു. രാഷ്‌ട്രീയക്കാരും പൊലീസും ബാങ്ക് ജീവനക്കാരും കൈകോര്‍ത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറഞ്ഞിരുന്നു. അതേസമയം, സ്വത്ത് മരവിപ്പിച്ചതായുള്ള ഒരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് എം.എം. വർഗീസ് പ്രതികരിച്ചു.

കരുവന്നൂർ തട്ടിപ്പ് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.കെ. അനീഷ് കുമാർ ആവശ്യപ്പെട്ടു.

രാജ്യ ചരിത്രത്തിൽ ആദ്യമായാണ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒരു പാർട്ടി നേതൃത്വം മുഴുവൻ പ്രതിക്കൂട്ടിലാകുന്നത്. ആയിരക്കണക്കിന് സാധാരണക്കാരായ നിക്ഷേപകരെ സിപിഎം നേതാക്കൾ കൊള്ളയടിച്ചിരിക്കുകയാണ്. കരുവന്നൂരിലെ തട്ടിപ്പ് പണം കൈപറ്റിയെന്ന് ഇഡി കണ്ടെത്തിയ സാഹചര്യത്തിൽ നിക്ഷേപകർക്ക് പണം തിരികെ നൽകേണ്ട ഉത്തരവാദിത്വം സിപിഎം ഏറ്റെടുക്കണം. സിപിഎമ്മും നേതാക്കളും തട്ടിച്ചുണ്ടാക്കിയ സ്വത്തുവകകൾ വിറ്റഴിച്ചായാലും കരുവന്നൂരിലെ നിക്ഷേപകർക്ക് പണം മടക്കി നല്കണമെന്നും അനീഷ് കുമാർ ആവശ്യപ്പെട്ടു. കേസന്വേഷണം ബിജെപി- സിപിഎം ഒത്തുകളിയാണെന്ന് പറഞ്ഞ കോൺഗ്രസ് നേതൃത്വം വസ്തുതകൾ പുറത്തു വരുമ്പോൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും അനീഷ് കുമാർ ചോദിച്ചു.

Trending

No stories found.

Latest News

No stories found.