തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ 108 കോടി രൂപയുടെ സ്വത്തുക്കൾ നിക്ഷേപകർക്കു നൽകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. കരുവന്നൂർ ബാങ്കിന് ഇതിനുള്ള നടപടി സ്വീകരിക്കാം. പിഎംഎൽഎ നിയമത്തിലെ പുതിയ ഭേദഗതിയിൽ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്ന് കൊച്ചിയിലെ പിഎംഎൽഎ കോടതിയെയാണ് ഇഡി അറിയിച്ചത്.
ബാങ്കിൽ നിക്ഷേപിച്ച 33 ലക്ഷം രൂപ തിരികെ കിട്ടാൻ നടപടി ആവശ്യപ്പെട്ട് നിക്ഷേപകൻ സമർപ്പിച്ച ഹർജിയിൽ ആണ് ഇഡി സത്യവാങ്മൂലം നൽകിയത്. കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച പലർക്കും അവരുടെ പണം തിരികെ ലഭിക്കുന്നില്ലെന്നും 300 കോടിയോളം രൂപയുടെ നഷ്ടമാണ് ബാങ്കിനു സംഭവിച്ചിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി. കേസിൽ 54 പ്രതികളുടെ 108 കോടിയുടെ ബാങ്ക് അക്കൗണ്ടും സ്വത്തുക്കളും ആണ് ഇഡി ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളത്. ഈ നടപടി അഡ്ജ്യൂക്കേറ്റിംഗ് അതോറിറ്റിയും അംഗീകരിച്ചിരുന്നു.