പമ്പ: അരവണയും അപ്പവും പമ്പയിൽ വിതരണം ചെയ്താൽ ശബരിമല സന്നിധാനത്തെ തിരക്കിന് ഒരുപരിധിവരെ പരിഹാരമാകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ.
അരവണയും അപ്പയും ഭഗവാന് നിവേദിക്കുന്ന ഒരു പ്രസാദമായി ഞാൻ കാണുന്നില്ല. ഭഗവാനു മുന്നിൽ കൊണ്ടുവച്ച് പൂജിച്ചു നിവേദിക്കുന്നതാണ് പ്രസാദം. ഇത് മൂന്നു മാസം മുമ്പേ ഉണ്ടാക്കി വയ്ക്കുന്നതാണ്. ഇത് താഴെ വിറ്റാൽ മതി. 10 പേർ ഒരുമിച്ച് മലയ്ക്ക് പോയാൽ രണ്ടു പേർ അരവണയും അപ്പവും വാങ്ങാൻ ക്യൂവിൽ നിന്ന് മറ്റ് 8 പേർ അവിടെ കാത്തുനിൽക്കും. അതേസമയം പമ്പയിലാണ് വിതരണം ചെയ്യുന്നതെങ്കിൽ ബാങ്ക് വഴി ബുക്ക് ചെയ്ത് അതു വാങ്ങി പോകാം. ഇത് സന്നിധാനത്തു തന്നെ വാങ്ങണമെന്ന് നിർബന്ധം പിടിക്കുന്നതെന്തിനാണ്.
നെയ്യഭിഷേകം നടത്താൻ കൊടുത്തു കഴിഞ്ഞാൽ ആ നെയ്യ് ഒരു പാത്രത്തിലാക്കി ചന്ദ്രാനന്ദൻ റോഡ് ഇറങ്ങുന്നിടത്ത് വിതരണം ചെയ്യണം. കൂപ്പണുള്ള എല്ലാവർക്കും ഈ ടിൻ നെയ്യ് കൊടുക്കാം. നെയ്യഭിഷേകം കഴിഞ്ഞ് അതു കിട്ടാനൊക്കെ സന്നിധാനത്ത് ആളുകൾ കാത്തു നിൽക്കുകയാണ്. പ്രായമുള്ളവരെയും കുഞ്ഞുങ്ങളേയും മാത്രം നടപ്പന്തലിൽ വിശ്രമിക്കാൻ അനുവദിക്കണം- ഗണേഷ് മാധ്യമങ്ങളോട് പറഞ്ഞു.
അയ്യപ്പന്മാർ ബസിനു മുമ്പിൽ നിന്ന് ശരണം വിളിയും സമരവുമൊന്നും നടത്തരുത്. സമരം ചെയ്യാനല്ല ശബരിമലയിൽ വരുന്നത്. 41 ദിവസം വ്രതമെടുക്കുന്ന അയ്യപ്പന് ക്ഷമ വളരെ പ്രധാനമാണ്. അവർ അസഭ്യം പറയുകയോ ദേഷ്യപ്പെടുകയോ ചെയ്യില്ല. ഏറ്റവും കൂടുതൽ തവണ ശബരിമലയിൽ പോയിട്ടുള്ള ആളാകും ഞാൻ. ആദ്യ കാലങ്ങളിലൊക്കെ വർഷത്തിൽ എല്ലാ മാസവും പോകുമായിരുന്നു. അന്ന് ഇതു പോലെ വെളിച്ചവും കോൺക്രീറ്റ് ചെയ്ത റോഡുമൊന്നുമില്ല. തേക്കിലയ്ക്കകത്ത് മെഴുകുതിരി കത്തിച്ചുവച്ച് പോയിട്ടുണ്ട്, കോളെജിലൊക്കെ പഠിക്കുന്ന കാലത്ത്.
കുഞ്ഞുങ്ങൾ മാലയിട്ടു കഴിഞ്ഞാൽ അധ്യാപകർ പണ്ടു വഴക്കുപോലും പറയില്ല. വ്രതമെടുക്കുന്നത് മനഃശുദ്ധിക്കും മനഃശക്തിക്കും വേണ്ടിയാണ്. ബസിനു മുന്നിൽ കയറിയിരുന്ന് മറ്റുള്ളവർക്കു കൂടി തടസമുണ്ടാക്കുന്നത് ശരിയല്ല. കുഞ്ഞുങ്ങളെ അതിനു മറയാക്കുന്നതും അംഗീകരിക്കാനാവില്ല- ഗണേഷ് പറഞ്ഞു.