തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ കയറുന്ന യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് ജീവനക്കാർ ഒഴിവാക്കണമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഒപ്പമുള്ളത് ഭാര്യയാണോ കാമുകിയാണോ എന്ന് ചോദിക്കുന്നത് തെറ്റാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും മന്ത്രി ജീവനക്കാരോട് പറഞ്ഞു. കെഎസ്ആർടിസി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാർക്ക് നിർദേശങ്ങൾ നൽകിക്കൊണ്ടും യാത്രക്കാരുടെ പരാതികൾ പങ്കു വച്ചു കൊണ്ടുമുള്ള മന്ത്രിയുടെ റീൽ പരമ്പരയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വണ്ടിയിൽ യാത്രക്കാർ കയറണം എന്നുള്ളതാണ് കെഎസ്ആർടിസിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കാർ തന്നെയാണ് യജമാനൻ. സ്വിഫ്റ്റിലെയും കെഎസ്ആർടിസിയിലെയും കണ്ടക്റ്റർമാർ അവരോട് സ്നേഹത്തിൽ പെരുമാറണം.
അതു കെഎസ്ആർടിസി സേവനം മെച്ചപ്പെടുത്തുമെന്നും വരുമാനം വർധിക്കുന്നതിലൂടെ ജീവനക്കാർക്ക് അന്തസുള്ള ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ ആകുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളോടും കുട്ടികളോടും ഭിന്നശേഷിയുള്ളവരോടും സ്നേഹത്തിൽ പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.