ബസ് പണിമുടക്കിൽ ജനം വലഞ്ഞു

സർക്കാർ നിർദേശങ്ങളിലെ എതിർപ്പുകളും വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്ക് വര്‍ധന അടക്കമുള്ള വിവിധ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പണിമുടക്ക്
Private buses, Representative image
Private buses, Representative image
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സംയുക്തമായി ചൊവ്വാഴ്ച നടത്തിയ സൂചനാ പണിമുടക്കിൽ ജനം വലഞ്ഞു. സർക്കാർ നിർദേശങ്ങളിലെ എതിർപ്പുകളും വിദ്യാര്‍ഥി കണ്‍സഷന്‍ നിരക്ക് വര്‍ധന അടക്കമുള്ള വിവിധ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പണിമുടക്ക്. യാത്രാക്ലേശം മറികടക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തിയെങ്കിലും മലയോര മേഖലയിലടക്കം യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി.

സ്വകാര്യ ബസുകൾ കാര്യമായി സർവീസ് നടത്തുന്ന മലബാറിലെ മലയോര മേഖലകളെയാണു സമരം കാര്യമായി ബാധിച്ചത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രധാന പാതകളിൽ പോലും വാഹനം ലഭിക്കാതെ യാത്രക്കാർ വലഞ്ഞു. നഗരങ്ങളിലെ തിരക്കേറിയ ഇടങ്ങളിലേക്കു കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തിയെങ്കിലും ബസുകളിൽ ജനം‌ തള്ളിക്കയറിയതു പലയിടത്തും തർക്കങ്ങൾക്കു വഴിവെച്ചു.

ബസ് സ്റ്റാൻഡുകളിലും റെയ്ൽവേ സ്റ്റേഷനുകളിലുമെത്തിയവർ ഓട്ടോ, ടാക്സി എന്നിവയെ ആശ്രയിച്ചതോടെ പ്രീപെയ്ഡ് കൗണ്ടറുകളിലും തിരക്ക് അനുഭവപ്പെട്ടു. കോഴിക്കോട് നിന്ന് കണ്ണൂര്‍, തൃശൂര്‍ റൂട്ടുകളില്‍ തുടര്‍ച്ചയായി രണ്ടാം ദിവസം ബസുകളില്ലാത്തതു യാത്രാദുരിതം ഇരട്ടിപ്പിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും അതിഥി തൊഴിലാളികളടക്കം നിരവധി പേര്‍ ബസ് പണിമുടക്കിനെക്കുറിച്ചറിയാതെ വന്നുപെട്ടു. ചിലയിടങ്ങളിൽ സംഘടനകളുടെ ഭാഗമല്ലാത്ത സ്വകാര്യ ബസുകൾ സർവീസ് നടത്തിയത് ആശ്വാസമായി.

അതിദരിദ്രരായ വിദ്യാര്‍ഥികള്‍ക്കു സൗജന്യയാത്ര അനുവദിച്ചുള്ള ഉത്തരവ് കൂടിയാലോചന ഇല്ലാതെയാണെന്നും സീറ്റ് ബെല്‍റ്റ്, ക്യാമറ എന്നിവ സ്ഥാപിക്കാനുള്ള തീരുമാനം സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്നുമാണ ബസ് ഉടമകളുടെ പരാതി. 140 കിലോമീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ പെര്‍മിറ്റ് പുനസ്ഥാപിക്കണമെന്നും ആവശ്യമുണ്ട്. പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും ഘടിപ്പിക്കണമെന്ന തീരുമാനം റദ്ദാക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്കു സർവീസ് നിർത്തിവയ്ക്കാനാണു സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.

സ്വകാര്യ ബസ് ഉടമകളുടെ സമരം അനവസരത്തിലാണ്. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുയെന്നതടക്കമാണ് ബസ് ഉടമകളുടെ ആവശ്യം. വിഷയം പഠിക്കാൻ സർക്കാർ കമ്മിഷനെ നിയമിച്ചിട്ടുണ്ട്. റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. ശബരിമല സീസണിൽ ബസ് ഉടമകൾ സമ്മർദ തന്ത്രം പ്രയോഗിക്കുകയാണ്. ബസിലെ സീറ്റ് ബെൽറ്റ്, ക്യാമറ തീരുമാനത്തിൽനിന്നു പിന്നോട്ടില്ല
ആന്‍റണി രാജു, ഗതാഗതമന്ത്രി

Trending

No stories found.

Latest News

No stories found.