ഡ്രൈവിങ് ടെസ്റ്റ് തടസം തുടരുന്നു

തിങ്കളാഴ്ചയും ടെസ്റ്റുകൾ തടസപ്പെട്ടു. സിഐടിയു ഒഴികെയുള്ള യൂണിയനുകൾ സമരം തുടരുന്നു.
Kerala driving tests continues to be stalled
ഡ്രൈവിങ് ടെസ്റ്റ് തടസം തുടരുന്നു
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്കൂളുകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ചയും സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ തടസപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിഷേധങ്ങളെ തുടർന്ന് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങളിൽ ഇളവ് വരുത്തിയെങ്കിലും സിഐടിയു ഒഴികെയുള്ള യൂണിയനുകൾ സമരം തുടരുകയാണ്.

വിവാദ സർക്കുലർ പൂർണമായും പിൻവലിക്കുന്നതു വരെ സമരത്തിൽ ഉറച്ചുനിൽക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. തിങ്കളാഴ്ച തിരുവനന്തപുരം മുട്ടത്തറയിൽ ടെസ്റ്റിനുള്ളവരുടെ പേര് വിളിച്ചപ്പോൾ പ്രതിഷേധക്കാർ തടഞ്ഞു. 20 പേരെ ടെസ്റ്റിനായി വിളിച്ചെങ്കിലും ഡ്രൈവിങ് സ്കൂൾ ഉടമകൾ ആരെയും കൊണ്ടുവന്നില്ല. 10 മണി വരെ കാത്തുനിന്ന ഉദ്യോഗസ്ഥർ ഒടുവിൽ മടങ്ങി.

ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിനു മുന്നിൽ സമരപ്പന്തൽ കെട്ടിയാണ് സ്കൂൾ‌ ഉടമകളുടെ പ്രതിഷേധം. മറ്റിടങ്ങളിലും സമാനമായ പ്രതിഷേധമായിരുന്നു. സിഐടിയു സമരത്തിൽ നിന്ന് തൽക്കാലം പിന്മാറിയെങ്കിലും ഉടമകളുടെ സംഘടനകളടക്കം പണിമുടക്ക് തുടരുന്ന സാഹചര്യത്തിൽ ടെസ്റ്റുകൾ പ്രതിസന്ധിയിലാണ്. ഒത്തുതീർപ്പ് ഉത്തരവിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും പരിഷ്കരണ സർക്കുലർ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചും ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി, ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ അടക്കം സംഘടനകൾ പണിമുടക്കിൽ ഉറച്ചു നിൽക്കുകയാണ്.

ടെസ്റ്റ് ബഹിഷ്കരണം മാത്രമല്ല, ലേണേഴ്സ് ടെസ്റ്റിനുള്ള ഫീസ് അടയ്ക്കുന്നതിൽനിന്നും ഇവർ വിട്ടുനിൽക്കുകയാണ്. സമരത്തെ പൊളിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. അതേസമയം, സിഐടിയു പ്രതിനിധികളെ മന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഈ മാസം 23ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീമുമായി ഗതാഗത മന്ത്രി ചർച്ചക്ക് സമ്മതിച്ച സാഹചര്യത്തിലാണ് ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സമരം മാറ്റിവച്ചത്.

പരിഷ്കരണങ്ങൾ നിർത്തിവയ്ക്കുമെന്നായിരുന്നു സമരക്കാർ പ്രതീക്ഷിച്ചതെങ്കിലും മൂന്നു മാസത്തിനു ശേഷം നടപ്പാക്കുമെന്ന വിധമാണ് സർക്കുലർ ഇറങ്ങിയത്. ഇത് പൂർണമായി പിൻവലിക്കും വരെ സമരമെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

Trending

No stories found.

Latest News

No stories found.