കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു: ധനമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തെ ശ്വാസം മുട്ടിക്കുന്നതാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചു. ഏതു വിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതായി മാറിയിരിക്കുന്നു കേന്ദ്രത്തിന്റെ സമീപനം.
കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയും വെട്ടിക്കുറക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം 32,000 കോടി ലഭിക്കുമെന്നാണ് കണക്കുകളിലൂടെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, 15,390 കോടിയാണ് വായ്പ പരിധിയായി നിശ്ചയിച്ചത്.
ഒരു വര്‍ഷത്തെ ആകെ വരുമാനത്തിന്റെ 3 ശതമാനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വായ്പാ പരിധി തീരുമാനിച്ചിരുന്നത്. അതു പ്രകാരം കഴിഞ്ഞ വര്‍ഷത്തെ കണക്കിന്റെ അടിസ്ഥാനത്തില്‍ 35,000 കോടിയിലധികം വായ്പക്കായി അനുമതി ലഭിക്കേണ്ടതാണ്. എന്നാല്‍, അര ശതമാനം കേന്ദ്രം കുറവ് വരുത്തി. 2019-20 കാലയളവില്‍ 5 ശതമാനവും 2020-21ല്‍ 4.5 ശതമാനവും 2021-22ല്‍ 4 ശതമാനവും 202223ല്‍ 3.50 ശതമാനവുമായി കുറച്ചു.
വായ്പ വെട്ടിക്കുറക്കുന്നതിന്റെ കാരണങ്ങള്‍ കേന്ദ്രം വിശദീകരിച്ചിട്ടില്ലെന്നും മന്ത്രി കെ .എന്‍ ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്കെതിരായുള്ള വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ വികസന- ക്ഷേമ പ്രവർത്തനങ്ങൾ തടസപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ജനങ്ങളാകെ ഒരുമിച്ച് നിന്ന് ഈ തെറ്റായ നടപടിക്കെതിരെ ശബ്ദമുയർത്തേണ്ടതുണ്ട്- ധനമന്ത്രി കൂട്ടിച്ചേർത്തു.