സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക എന്നു കൊടുക്കുമെന്നത് സംബന്ധിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു മുന്നില്‍ വ്യക്തതയില്ലാതെ സംസ്ഥാന സർക്കാർ. ഡിഎ കുടിശിക എന്ന് കൊടുക്കാന്‍ കഴിയുമെന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കേസ് പരിഗണിച്ചപ്പോൾ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയില്ല.
ഇതെത്തുടര്‍ന്ന് കേസ് അന്തിമ തീര്‍പ്പിനായി ജനുവരി നാലിലേക്ക് മാറ്റിയിരിക്കുകയാണ്. ക്ഷാമബത്ത കുടിശിക അനുവദിക്കാത്തതിനെതിരേ കേരള എന്‍ജിഒ അസോസിയേഷനാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
കഴിഞ്ഞ മാസം കേസ് ആദ്യമായി പരിഗണിച്ചപ്പോള്‍ ജീവനക്കാര്‍ക്ക് അവകാശപ്പെട്ട ക്ഷാമബത്ത കുടിശിക എന്നു നല്‍കാന്‍ കഴിയുമെന്നു സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. നിര്‍ദേശിച്ച ദിവസം സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെങ്കില്‍ ട്രൈബ്യൂണല്‍ തീയതി നിശ്ചയിച്ച് തുക നല്‍കാന്‍ നിര്‍ദേശിക്കേണ്ട സാഹചര്യമുണ്ടാവുമെന്നും ഇടക്കാല ഉത്തരവില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.