തിരുവനന്തപുരം: സപ്ലൈകോ ഓണച്ചന്ത തുടങ്ങിയതിനൊപ്പം അരിക്കും പഞ്ചസാരയ്ക്കും വില ഉയർത്തിയത് വിമർശനങ്ങൾക്കിടയാക്കി. കുറുവ അരിയുടെ വില 30 രൂപയിൽ നിന്ന് 33 രൂപയായാണ് ഉയർത്തിയിരിക്കുന്നത്. മട്ട അരി കിലോയ്ക്ക് 3 രൂപ കൂട്ടി. പച്ചരി വില കിലോഗ്രാമിന് 26 രൂപയിൽ നിന്ന് 29 രൂപയായി. തുവര പരിപ്പിന്‍റെ വില 111 രൂപയിൽ നിന്ന് 115 രൂപയായി. പഞ്ചസാര കിലോഗ്രാമിന് 27 ൽനിന്ന് 33 രൂപയായി.
അതേസമയം, ചെറുപയർ, ഉഴുന്ന്, വറ്റൽമുളക് എന്നീ സാധനങ്ങളുടെ വില കുറച്ചിട്ടുണ്ട്. ചെറുപയർ 93 ൽനിന്ന് 90 ആയും ഉഴുന്ന് 95 ൽനിന്ന് 90 ആയും വറ്റൽമുളക് 82-ൽ നിന്ന് 78 ആയും കുറച്ചു. അരിക്കും പഞ്ചസാരയ്ക്കുമുണ്ടായ വിലവർധന സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ച മന്ത്രി ജി.ആർ. അനിൽ ഇതു വലിയകാര്യമല്ലെന്നു മറുപടി നൽകി. ഇപ്പോഴും പൊതുവിപണിയെക്കാൾ വിലക്കുറച്ചാണ് സപ്ലൈകോയിൽ നൽകുന്നതെന്നു മന്ത്രി പറഞ്ഞു.
46 രൂപ വിലയുള്ള പഞ്ചസാര 33 രൂപയ്ക്കു നൽകുന്നതു വിലക്കയറ്റമാണോ എന്നും മന്ത്രി ചോദിച്ചു. ജനങ്ങൾക്ക് ആശ്വാസം പകരാനാണ് സർക്കാർ ശ്രമിക്കുന്നത്. പൊതുവിപണിയെക്കാൾ വിലക്കുറവ് സപ്ലൈകോയിൽ തന്നെയാണെന്നും ഇന്ത്യയിൽ വേറെ ഏതു സർക്കാർ സ്ഥാപനം ഇത് ചെയ്യുന്നുണ്ടെന്നും മന്ത്രി ചോദിച്ചു. സർക്കാരിന്‍റെ വിപണി ഇടപെടലിൽ ഓരോ ഉൽപ്പന്നത്തിനും കുറയുന്നത് പത്തും പന്ത്രണ്ടും രൂപയാണെന്നും മന്ത്രി പറഞ്ഞു.