kerala government sanctions 1960 crore for local bodies
തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1960 കോടി രൂപ കൂടി അനുവദിച്ച് ധന വകുപ്പ്

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1960 കോടി രൂപ കൂടി അനുവദിച്ച് ധന വകുപ്പ്

മെയിന്‍റനന്‍സ് ഗ്രാന്‍റില്‍ റോഡിനായി 529.64 കോടി രൂപയും, റോഡിതര വിഭാഗത്തില്‍ 847.42 കോടി രൂപയുമാണ് അനുവദിച്ചത്
Published on

തിരുവനന്തപുരം: ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1960 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. മെയിന്‍റനന്‍സ് ഗ്രാന്‍റ് രണ്ടാം ഗഡു 1377.06 കോടി രൂപ, പൊതു ആവശ്യ ഫണ്ട് (ജനറല്‍ പര്‍പ്പസ് ഗ്രാന്‍റ്) അഞ്ചാം ഗഡു 210.51 കോടി രൂപ, ധനകാര്യ കമീഷന്‍ ഹെല്‍ത്ത് ഗ്രാന്‍റ് 105.67 കോടി രൂപ, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ധനകാര്യ കമീഷന്‍ ഗ്രാന്‍റിന്‍റെ ആദ്യഗഡു 266.80 കോടി രൂപ എന്നിവയാണ് അനുവദിച്ചത്.

മെയിന്‍റനന്‍സ് ഗ്രാന്‍റില്‍ റോഡിനായി 529.64 കോടി രൂപയും, റോഡിതര വിഭാഗത്തില്‍ 847.42 കോടി രൂപയുമാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകള്‍ക്കാണ് കൂടുതല്‍ വകയിരുത്തല്‍. 928.28 കോടി രൂപ. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 74.83 കോടിയും, ജില്ലാ പഞ്ചായത്തുകള്‍ക്ക് 130.09 കോടിയും, മുന്‍സിപ്പാലിറ്റികള്‍ക്ക് 184.12 കോടിയും, കോര്‍പറേഷനുകള്‍ക്ക് 59.74 കോടിയും ലഭിക്കും.

പൊതു ആവശ്യ ഫണ്ടില്‍ കോര്‍പറേഷനുകള്‍ക്ക് 18.18 കോടി വകയിരുത്തിയപ്പോള്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 149.53 കോടി രൂപ ലഭിക്കും. മുന്‍സിപ്പാലിറ്റികള്‍ക്ക് 25.72 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക് 7.05 കോടി, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10.02 കോടി എന്നിങ്ങനെയാണ് നീക്കിവച്ചത്.

ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ധനകാര്യ കമീഷന്‍ ഗ്രാന്‍റില്‍ 186.76 കോടി രൂപ ഗ്രാമ പഞ്ചായത്തുകള്‍ക്കാണ്. 40.02 കോടി രൂപ വീതം ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ലഭിക്കും. ഹെല്‍ത്ത് ഗ്രാന്‍റില്‍ 37.75 കോടി പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളുടെയും ഉപകേന്ദ്രങ്ങളുടെയും രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കുമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കും. ഗ്രാമീണ പിഎച്ച്സികളും ഉപകേന്ദ്രങ്ങളും ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങളായി മാറ്റാന്‍ 65.22 കോടി രൂപ ചെലവിടും. ബ്ലോക്കുതലത്തിലെ പബ്ലിക് ഹെല്‍ത്ത് യൂണിറ്റുകള്‍ക്ക് 2.72 കോടി രൂപ ചെലവിടും. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 5678 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി അനുവദിച്ചു.