'മറിയക്കുട്ടിക്ക് പെൻഷൻ കൊടുത്തേ തീരൂ, അല്ലെങ്കിൽ 3 മാസത്തെ ചെലവ് സർക്കാർ ഏറ്റെടുക്കണം'; ഹൈക്കോടതി

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
kerala HC against govt on mariyakutty pension
kerala HC against govt on mariyakutty pension
Updated on

കൊച്ചി: 5 മാസത്തെ വിധവാപെൻഷൻ കുടിശിക ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മറിയക്കുട്ടിക്ക് പെന്‍ഷന്‍ നൽകിയേ തീരു എന്ന് ഹൈക്കോടതി അറിയിച്ചു. അല്ലെങ്കിൽ 3 മാസത്തെ ചെലവ് സർക്കാർ ഏറ്റെടുക്കണം.

മറ്റ് കാര്യങ്ങൾക്ക് ചെലവാക്കാന്‍ സർക്കാരിന് പണമുണ്ട്. പണമായി കൊടുക്കാന്‍ വയ്യെങ്കിൽ മരുന്നിന്‍റെയും ആഹാരത്തിന്‍റെയും ചെലവെങ്കിലും കൊടുക്കുവെന്നും ഹൈക്കോടതി നിർദേശിച്ചു.

ഏപ്രിൽ മുതൽ കേന്ദ്രവിഹിതം കിട്ടിയില്ലെന്ന് സർക്കാർ ഭാഗത്ത് നിന്നും അറിയിച്ചെങ്കിലും പെൻഷൻ എപ്പോൾ നൽകുമെന്ന് നാളെത്തന്നെ അറിയിക്കണമെന്നും കോടതി പറഞ്ഞു. 5 മാസത്തെ പെന്‍ഷന്‍ കുടിശിക ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. ഹര്‍ജിയില്‍ സര്‍ക്കാരും അടിമാലി ഗ്രാമപഞ്ചായത്തും ഇന്ന് വിശദീകരണം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ചതോടെയാണ് അടിമാലിയിലെ വയോധികരായ മറിയക്കുട്ടിയും അന്നക്കുട്ടിയും ചർച്ചാവിഷയം ആയത്. സംഭവം വിവാദമായതോടെ മറിയക്കുട്ടിയ്ക്ക് ഭൂമിയും വീടുമുണ്ടെന്ന് ദേശാഭിമാനി വ്യാജ വാര്‍ത്ത കൊടുത്തിരുന്നു. ഇതോടെ മുൻ എംപിയും സിനിമ താരവുമായ സുരേഷ് ഗോപി മറിയക്കുട്ടിക്ക് സഹായവുമായി വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. പെന്‍ഷന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കിയിട്ടുണ്ടെന്നും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ടെന്നും മറിയക്കുട്ടിയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇതുവരെ പിരിച്ച തുക പെന്‍ഷന്‍ നല്‍കാന്‍ മതിയായതാണ്. പെന്‍ഷന്‍ കുടിശിക ഉടന്‍ നല്‍കണം. ഭാവിയില്‍ പെന്‍ഷന്‍ കുടിശിക വരുത്തരുതെന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Trending

No stories found.

Latest News

No stories found.