വേനൽ എത്തും മുൻപേ വെന്തുരുകി ഇടനാട്

പഴമക്കാർ പറയുന്നതു പോലെ അടുത്ത ആഴ്ചയിൽ ശിവരാത്രി കൂടി കഴിയുന്നതോടെ പുലർക്കാലത്തെ ചെറിയ മഞ്ഞു വീഴ്ച കൂടി അവസാനിക്കും, പിന്നെ കടുത്ത ചൂടിന്‍റെ നാളുകളായിരിക്കും
വേനൽ എത്തും മുൻപേ വെന്തുരുകി ഇടനാട്
Updated on

#അജയൻ

കൊച്ചി: പൊള്ളുന്ന പകലുകളും അത്യുഷ്ണം നിറഞ്ഞ രാവുകളുമുള്ള വേനൽക്കാലത്തിലേക്കുള്ള യാത്രയിലേക്കാണു കേരളം. മുൻകാലങ്ങളിൽ നിന്ന് വിഭിന്നമായി ഇടനാടും കടുത്ത ചൂടിന്‍റെ പിടിയിലായി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കേരളത്തിൽ പശ്ചിമഘട്ടത്തിനും തീരദേശത്തിനും മധ്യേ തെക്കുവടക്കായി നെടുകെയുള്ള ഭൂപ്രദേശമാണ് ഇടനാട്.

ഇടനാട്ടിൽ കടുത്ത ചൂട് അനുഭവപ്പെടുന്നത് അപൂർവമായ പ്രതിഭാസമാണ്. വേനൽ എത്തും മുൻപേ തന്നെ കേരളത്തിലെ പല പ്രദേശങ്ങളിലും ഉയർന്ന താപ നില രേഖപ്പെടുത്തി കഴിഞ്ഞു. സാധാരണ താപ നിലയിൽ നിന്നും നാലു ഡിഗ്രി അധികം വരെ താപ നില രേഖപ്പെടുത്തിയിട്ടുണ്ട്. പഴമക്കാർ പറയുന്നതു പോലെ അടുത്ത ആഴ്ചയിൽ ശിവരാത്രി കൂടി കഴിയുന്നതോടെ പുലർക്കാലത്തെ ചെറിയ മഞ്ഞു വീഴ്ച കൂടി അവസാനിക്കും, പിന്നെ കടുത്ത ചൂടിന്‍റെ നാളുകളായിരിക്കും.

അർബൻ ഹീറ്റ് ഐലൻഡ് പ്രതിഭാസം മൂലം കടുത്ത ചൂടിൽ ഉരുകാറുള്ള മലപ്പുറത്തിനും പാലക്കാടിനുമൊപ്പമാണ് ഇപ്പോൾ ഇടനാട്ടിലെയും താപനില. പലപ്പോഴും മധ്യകേരളത്തിലെ താപനില പാലക്കാടിനെ കടത്തി വെട്ടുന്നുമുണ്ട്. കെട്ടിട നിർമാണവും റോഡ് നിർമാണവും അടക്കമുള്ള വർധിച്ചു വരുന്ന നിർമാണപ്രവർത്തനങ്ങളാണ് ഇടനാട്ടിൽ കടുത്ത ചൂടിന് കാരണമാകുന്നത്. നിർമാണപ്രദേശങ്ങളിലെ കോൺക്രീറ്റ് നിർമിതികൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനു പകരം അവയെ ആഗിരണം ചെയ്യുന്നു. അതു മൂലമാണ് ചൂട് പ്രദേശത്ത് തിങ്ങി നിന്ന് നഗരത്തിൽ താപ നില വർധിക്കുന്നത്. വേനൽ എത്തുന്നതോടെ ഈ പ്രശ്നം കൂടുതൽ വഷളായേക്കും.

മാർച്ച് മധ്യത്തോടെ എത്തുന്ന വേനൽക്കാലം ചുട്ടു പൊള്ളുന്നതായിരിക്കും എന്നതിൽ സംശയമില്ലെന്ന് ഫെബ്രുവരിയിലെ അസാധാരണമായ കടുത്ത ചൂട് ഉറപ്പാക്കുന്നുണ്ട്. സാധാരണയായി ഇത്രയും കടുത്ത ചൂട് ഏപ്രിലിലാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം ഫെബ്രുവരിയുടെ കാലാവസ്ഥയെ കാര്യമായി മാറ്റി മറിച്ചിരിക്കുന്നു. വേനൽ എത്തുന്നതോടെ സൂര്യനിൽ നിന്ന് നേരിട്ടു ഭൂമിയിലേക്കു പതിക്കുന്ന രശ്മികളുടെ കാഠിന്യവും വർധിക്കും.

മാർച്ച് മധ്യം മുതൽ ഏപ്രിൽ മധ്യം വരെയാണ് കേരളത്തിൽ കടുത്ത വേനൽക്കാലം. സൂര്യരശ്മികൾ നേരിട്ട് ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കും. മറ്റു കാലഘട്ടങ്ങളെ അപേക്ഷിച്ച് വേനൽക്കാലത്ത് സൂര്യരശ്മികൾ കുറച്ചു ദൂരം സഞ്ചരിച്ചാണ് ഭൂമിയിൽ എത്തുന്നത്. അതു കൊണ്ടു തന്നെ കുത്തനെയുള്ള കോണിലൂടെയുള്ള സൂര്യപ്രകാശം അൾട്രാവയലറ്റ് രശ്മികളുടെ പ്രഭാവവും വർധിപ്പിക്കും.

എൽ നിനോ പ്രതിഭാസം

കിഴക്കൻ, മധ്യ പസഫിക് സമുദ്രത്തിന്‍റെ ഉപരിതല താപനില ക്രമാതീതമായി വർധിക്കുന്ന എൽ നിനോ പ്രതിഭാസം ആഗോളതലത്തിൽ കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ക്ലൈമറ്റോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽ‌കിയിട്ടുണ്ട്. ഇപ്പോൾ എൻ നിനോ പ്രതിഭാസം കൂടുതൽ ശക്തമായിരിക്കുകയാണെന്ന് കുസാറ്റ് അഡ്വാൻഡ്സ് സെന്‍റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് ഡയറക്റ്റർ എസ്. അഭിലാഷ് മെട്രൊ വാർത്തയോട് പറഞ്ഞു. കഴിഞ്ഞ നൂറു വർഷങ്ങളുടെ കണക്കെടുത്താൽ ആഗോളതലത്തിൽ കടുത്ത ചൂടനുഭവപ്പെട്ട വർഷമാണ് 2023. ഈ പ്രതിഭാസം 2024ലും പ്രതിഫലിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറയുന്നു.

അറ്റ്ലാന്‍റിക് സമുദ്രത്തിലെ താപ നില 2-3 ഡിഗ്രി വരെയാണ് ഉയർന്നിരിക്കുന്നത്. ഇന്ത്യൻ പെനിൻസുലയുടെ കിഴക്കൻ പ്രദേശത്തും ഇതേ രീതിയിൽ തന്നെ താപനിലയിൽ വ്യത്യാസമുണ്ടായിട്ടുണ്ട്. എൽ നിനോ മൂലം 1 മുതൽ 2.5 ഡിഗ്രീ വരെ താപ നില ഉയരുന്നത് സർക്കുലേഷൻ പാറ്റേണിനെ ബാധിക്കുകയും ഇന്ത്യൻ പെനിൻസുലാർ മേഖലയിൽ മർദം ഉയരുകയും ചെയ്യും. ഈ ഉയർന്ന മർദം മേഘങ്ങളിൽ താപസംവഹനം ഉണ്ടാക്കുകയും ദീർഘ സമയം നീണ്ടു നിൽക്കുന്ന വിധമുള്ള കടുത്ത ചൂടിന് കാരണമാകുകയും ചെയ്യും. അന്തരീക്ഷ വായുവും കടൽക്കാറ്റും തമ്മിൽ കലരുന്നതു പരിമിതമായായിരിക്കുന്നതിനാൽ തണുത്ത കാറ്റിനുള്ള സാധ്യതകളും കുറയും.

Trending

No stories found.

Latest News

No stories found.