കൊച്ചി: വടകരയിലെ കാഫിര്‍ സ്‌ക്രീൻഷോട്ട് വിവാദത്തിൽ സർക്കാരിന് രൂക്ഷ വിമർശനം. വിവാദ സ്‌ക്രീന്‍ഷോട്ടിന്‍റെ ഉറവിടം കണ്ടെത്തണമെന്നും മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ല, ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റീസ് ബെച്ചു കുര്യന്‍റെ ബെഞ്ചാണ് എംഎസ്എഫ് നേതാവ് പി.കെ. മുഹമ്മദ് കാസിം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. ഹർജിക്കാരനായ എംഎസ്എഫ് നേതാവിന്‍റെ പരാതിയിൽ വ്യാജരേഖ ചമയ്ക്കല്‍ വകുപ്പ് ചുമത്തി എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു.
പലരുടെയും മൊബൈല്‍ ഫോണുകള്‍ കണ്ടുകെട്ടിയിട്ടിയിട്ടുണ്ടെന്നും അതില്‍ ഫോറന്‍സിക് പരിശോധന നടക്കുകയാണെന്ന് സര്‍ക്കാര്‍ മറുപടി നൽകി. ഈ ഘട്ടത്തിൽ അന്വേഷണത്തെക്കുറിച്ച് കോടതി നിരീക്ഷണങ്ങൾ നടത്തിയാൽ അത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമാണെന്ന് നിരീക്ഷിച്ച കോടതി കേസ് വീണ്ടും പരിഗണിക്കുന്നതിനായി സെപ്റ്റംബർ 6 ലേക്ക് മാറ്റി.