കൊച്ചി: കൊച്ചി മാലിന്യപ്രശ്നത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ബ്രഹ്മപുരം തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാന്‍ വൈകിയതോടെ റോഡുകളിൽ മാലിന്യകൂമ്പാരമായെന്ന് ഹൈക്കോടതി പറഞ്ഞു.
കൊച്ചി റോഡുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ എടുക്കണമെന്നും കോടതി അറിയിച്ചു. ബ്രഹ്മപുരം തീപിടുത്തത്തിൽ ഹൈക്കോടതി സ്വമേധയ എടുത്ത കേസ് പരിഗണിക്കവെയാണ് പരാമർശം. ഇതോടൊപ്പം, കൊച്ചിയിലെ ജലസ്രോതസുകളിൽ ഇ-കോളി ബാക്‌ടീരിയയുടെ സാന്നിധ്യം ഉണ്ടെന്ന് എറണാകുളം കലക്‌ടർ ഹൈക്കോടതിയിൽ അറിയിച്ചു.
മലിനീകരണ ബോർഡ് ശേഖരിച്ച എല്ലാ സാംപിളുകളിലും ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് കലക്‌ടർ കോടതിയെ അറിയിച്ചത്. ഈ വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്നും കോടതി ചോദിച്ചു. എന്നാൽ വേർതിരിക്കാതെ മാലിന്യം ജനങ്ങൾ പൊതുനിരത്തിൽ തള്ളുന്നതാണ് വെല്ലുവിളിയാകുന്നതെന്ന് കൊച്ചി കോർപ്പറേഷന്‍ സെക്രട്ടറി കോടതിയിൽ അറിയിച്ചു. 210-230 ടൺ ജൈവ മാലിന്യങ്ങൾ പ്രതിദിനം ശേഖരിക്കുന്നുണ്ടെന്നും ഇതുകൂടാതെ ഏപ്രിൽ 4 മുതൽ ലെഗസി വേസ്റ്റുകളും സ്വീകരിക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു.