kerala onam celebrations atham
പൂത്തുമ്പികളെത്തി... പൊന്നോണത്തിന്‍റെ വരവറിയിച്ച് അത്തം

പൂത്തുമ്പികളെത്തി... പൊന്നോണത്തിന്‍റെ വരവറിയിച്ച് അത്തം

പണ്ട് പിള്ളേരോണം മുതലായിരുന്നു പൂക്കൾ ഇട്ട് തുടങ്ങുക. ഇപ്പോൾ അത്തം മുതലാണ്
Published on

പൊന്നോണത്തിനെ വരവറിയിച്ച് ഇന്ന് അത്തം. ഇനി പത്താം നാൾ തിരുവോണം. പഞ്ഞമാസമായ കർക്കിടകം മാറി വന്നെത്തുന്ന ചിങ്ങം മലയാളികൾക്ക് ആണ്ടു പിറവിയാണ്. ഒരു കാലത്ത് സമൃദ്ധിയുടെ മാസമായിരുന്നു ചിങ്ങം. തോരാമഴയിലെ പട്ടിണിക്കാലത്തു നിന്നും ഉണ്ണാനും ഉടക്കാനുമുള്ള ആഘോഷക്കാലമാണ് ചിങ്ങമാസം. ജാതി മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കാനൊരുങ്ങിക്കഴിഞ്ഞു.

പഴമയിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം കൂടിയാണ് ഓരോ ഓണക്കാലവും. നാട്ടിൻ പുറങ്ങളിൽ തുമ്പയും തൊട്ടാവാടിപൂവുമെല്ലാം പ്രതീക്ഷയോടെ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. പണ്ട് പിള്ളേരോണം മുതലായിരുന്നു പൂക്കൾ ഇട്ട് തുടങ്ങുക. ഇപ്പോൾ അത്തം മുതലാണ്. തെളിയിച്ചു വച്ച വിളക്കിന് മുന്നിൽ ചാണകം മെഴുകി പത്ത് ദിനം പൂക്കളമിടും. ആദ്യ 2 ദിനം തുമ്പയും തുളസിയുമാണ്. മൂന്നാം ദിനം മുതൽ നിറങ്ങളുള്ള പൂക്കൾ ഇട്ട് തുടങ്ങും.

ചിങ്ങത്തിലെ അത്തം നാളില്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം കഴിഞ്ഞ് ചതയം നാള്‍ വരെ നീണ്ടു നില്‍ക്കും. ഓണക്കോടി വാങ്ങിയും സദ്യഒരുക്കിയും ഒത്തുചേരലിന്‍റേയും പത്തു നാളുകളാണ് മലയാളികൾക്ക് ഓണക്കാലം.