കേരളത്തിനു പിറന്നാൾ; താരപ്പകിട്ടിൽ കേരളീയം 2023ന് തുടക്കം| Live Video

ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്.
കേരളത്തിനു പിറന്നാൾ; താരപ്പകിട്ടിൽ കേരളീയം 2023ന് തുടക്കം| Live Video
Updated on

തിരുവനന്തപുരം: കേരളപ്പിറവി ആഘോഷങ്ങളുടെ നിറവിൽ സംസ്ഥാനം. ആഘോഷങ്ങളുടെ ഭാഗമായി സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023ന് തിരുവനന്തപുരത്ത് വർണാഭമായ തുടക്കം. ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാർ , മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ , ശോഭന, മഞ്ജു വാര്യർ, സാഹിത്യ, സാംസ്കാരിക മേഖലയിലെ പ്രമുഖർ, പ്രമുഖ വ്യവസായികൾ , ആരോഗ്യ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്.

കവടിയാർ മുതൽ കിഴക്കേ കോട്ടവരെയുള്ള 42 വേദികളിലായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നവകേരളത്തിന്‍റെ രൂപരേഖ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള 25 സെമിനാറുകൾ വിവിധ വേദികളിലായി അവതരിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് 10 വരെയായിരിക്കും പരിപാടികൾ. സെമിനാറുകളിൽ സാമ്പത്തിക,സാമൂഹിക ശാസ്ത്രജ്ഞരടക്കം ലോകോത്തര വിദഗ്ധരാണ് പങ്കെടുക്കുന്നത്. അമർത്യാസെന്നും റെമീലാ ഥാപ്പറും ഉൾപ്പെടെയുള്ളവർ കേരളീയത്തിൽ പങ്കാളികളാകും.

എല്ലാ ദിവസവും വൈകിട്ട് കലാപരിപാടികളും ഉണ്ടായിരിക്കും. ഇവയ്ക്കു പുറമേ എക്സിബിഷൻ, ട്രേഡ് ഫെയർ, ഭക്ഷ്യമേളകൾ എന്നിവയും ഉണ്ടായിരിക്കും. രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് സെമിനാറുകൾ. നൂറുകണക്കിന് സ്റ്റാളുകളുകളൊരുക്കിയ കേരളീയം കാണാൻ ദിവസവും ശരാശരി അരലക്ഷം പേരെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. എല്ലാ വേദികളിലും നടക്കുന്ന പരിപാടികൾ കണ്ടു തീർക്കാൻ തന്നെ ഒരാഴ്ച വേണ്ടിവരുമെന്നും 42 വേദികളിലും പ്രവേശനം സൗജന്യമാണെന്നും ഭാരവാഹികൾ അറിയിച്ചു. നഗരത്തിൽ വെള്ളയമ്പലം മുതൽ കിഴക്കേക്കോട്ട വരെ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കണമെന്നാണു നിർദേശം. വിവിധ വേദികളെ ബന്ധിപ്പിച്ച് കെഎസ്ആർടിസിയുടെ ഇലക്‌ട്രിക് ബസുകൾ സൗജന്യ സർവീസും ഒരുക്കിയിട്ടുണ്ട്. കളമശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ആയിരത്തി അഞ്ഞൂറോളം പൊലീസ് സേനാംഗങ്ങളുടെ കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.

ഗവർണർ‌ക്ക് ക്ഷണമില്ല, ബഹിഷ്കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ കേരളീയം ആദ്യ എഡിഷനിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തലസ്ഥാനത്ത് ഉണ്ടായിട്ടും ക്ഷണമില്ലെന്നു രാജ്ഭവന്‍ സ്ഥിരീകരിച്ചു. നിയമസഭ പാസാക്കിയതടക്കം ബില്ലുകളില്‍ ഒപ്പിടാതെ ഉടക്കി നിൽക്കുന്നതിനാലാണ് ഗവർണറെ പരിപാടിയില്‍ ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതെന്നാണു വിവരം. അതേസമയം, പരിപാടി ധൂർത്തെന്ന് ആരോപിച്ച് പ്രതിപക്ഷകേരളീയം ബഹിഷ്കരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.