തിരുവനന്തപുരം: മുഖ്യമന്ത്രി-ഗവർണർ പോരിൽ കക്ഷി ചേർന്ന് കേരള പൊലീസും. കഴിഞ്ഞ ദിവസം ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളിൽ മറുപടിയുമായാണ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഗവർണർ പറഞ്ഞ കാര്യങ്ങൾ വസ്തുത വിരുദ്ധമാണെന്നാണ് പൊലീസ് ആസ്ഥാനത്തു നിന്നുള്ള വാർത്താ കുറിപ്പിൽ പറയുന്നത്.
സാധാരണയായി ഗവർക്ക് വിശദീകരണം നൽകി പൊലീസ് വാർത്താ കുറിപ്പ് ഇറക്കാറില്ല. അത്തരമൊരു ആവശ്യം വന്നാലും വിശദീകരണം നല്‍കണമെങ്കില്‍ ആഭ്യന്തര സെക്രട്ടറി വഴി ചീഫ് സെക്രട്ടറിയാണു മറുപടി നല്‍കേണ്ടത്. ഗവര്‍ണര്‍ പറഞ്ഞതായി ഇലക്‌ട്രോണിക് മാധ്യമത്തില്‍ വന്ന പ്രസ്താവനയ്ക്കുള്ള വിശദീകരണം എന്ന നിലയിലാണ് വാർത്താ കുറിപ്പ്. ഗവർണറുടെ പ്രതികരണത്തിനു പിന്നാലെയാണ് വാർത്താകുറിപ്പുമായി പൊലീസ് എത്തിയതെന്നത് ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് സ്വർണക്കടത്തിലൂടെ വരുന്ന പണം നിരോധിത സംഘടനകൾക്കു വേണ്ടിയാണുപയോഗിക്കുന്നതെന്ന് കേരള പൊലീസിന്‍റെ വെബ് സൈറ്റിലെവിടെയും പറഞ്ഞിട്ടില്ലെന്നാണ് വാർത്താ കുറിപ്പിലെ വിശദീകരണം. സംസ്ഥാനത്ത് പിടികൂടിയ സ്വര്‍ണത്തിന്റെയും ഹവാലപ്പണത്തിന്റെയും കണക്കു മാത്രമാണ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.
സ്വര്‍ണക്കടത്തിലൂടെയും മറ്റും വരുന്ന പണം നിരോധിത സംഘടനകള്‍ക്കു ലഭിക്കുന്നുവെന്ന് കേരള പൊലീസിന്‍റെ വെബ്സൈറ്റിലുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ഗവർണർ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന് മറുപടിയായാണ് പൊലീസ് ആസ്ഥാനത്തു നിന്നും വാർത്താകുറിപ്പ് എത്തിയത്.