'രണ്ട് ലക്ഷമൊക്കെ എന്താകാൻ!' ശമ്പളം മൂന്നര ലക്ഷമാക്കണമെന്ന് പിഎസ്‌സി ശുപാർശ

നിലവിൽ 2.26 ലക്ഷം രൂപയാണ് പിഎസ്സി ചെയർമാന്‍റെ ശമ്പളം, അംഗങ്ങൾക്ക് 2.23 ലക്ഷം രൂപയും ലഭിക്കും. അംഗമാകാൻ പ്രാഥമിക വിദ്യാഭ്യാസം പോലും നിർബന്ധവുമല്ല
Kerala PSC
കേരള പിഎസ് സി
Updated on

രണ്ടേകാൽ ലക്ഷം രൂപ ശമ്പളമൊക്കെ തീരെ കുറവാണെന്നും, ഇത് മൂന്നര ലക്ഷമായി ഉ‍യർത്തണമെന്നും പിഎസ്‌സി ശുപാർശ ചെയ്തു എന്നു കേൾക്കുമ്പോൾ, പിഎസ്‌സി വഴി നിയമിതരാകുന്ന ഉദ്യോഗാർഥികൾക്കു വേണ്ടിയാണെന്നു കരുതിയെങ്കിൽ തെറ്റി. പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും ശമ്പള വർധന നടപ്പാക്കണമെന്ന് പിഎസ്‌സി തന്നെ ആവശ്യപ്പെടുന്ന ശുപാർശയാണ് സംസ്ഥാന സർക്കാരിന്‍റെ പരിഗണനയിൽ ഇരിക്കുന്നത്.

നിലവിൽ 2.26 ലക്ഷം രൂപയാണ് പിഎസ്സി ചെയർമാന്‍റെ ശമ്പളം, അംഗങ്ങൾക്ക് 2.23 ലക്ഷം രൂപയും ലഭിക്കും. അടിസ്ഥാന ശമ്പളത്തിനു പുറമേ വീട്ടു വാടക അലവൻസ് (HRA), യാത്രാ ബത്ത (TA) തുടങ്ങി എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള തുകയാണിത്. കൂടാതെ, പെൻഷനും കുടുംബാംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങളും ലഭിക്കും.

ഇന്ത്യയിലെ തന്നെ ഏറ്റവം കൂടുതൽ അംഗങ്ങളുള്ള പബ്ലിക് സർവീസ് കമ്മിഷനാണ് കേരളത്തിലേത്- ചെയർമാൻ അടക്കം 21 അംഗങ്ങൾ. വിദ്യാഭ്യാസ യോഗ്യത നോക്കി ജോലി കൊടുക്കാൻ നിയോഗിക്കപ്പെട്ട പിഎസ്സിയിൽ അംഗത്വം കിട്ടാൻ പക്ഷേ, സ്കൂളിന്‍റെ പടി കാണണം എന്നു പോലും നിർബന്ധമില്ല. കാരണം, അംഗത്വത്തിന് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ചിട്ടേയില്ല. രാഷ്ട്രീയ പാർട്ടികൾ നൽകുന്ന ശുപാർശയാണ് പിഎസ്സി അംഗത്വത്തിനു വേണ്ട പ്രധാന യോഗ്യത, അല്ലെങ്കിൽ ഒരുപക്ഷേ, ഒരേയൊരു യോഗ്യത!

പക്ഷേ, നിലവിൽ ജില്ലാ ജഡ്ജിമാരുടെ സ്കെയിൽ മാതൃകയാക്കിയാണ് പിഎസ്സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ചാണ് അടിസ്ഥാന ശമ്പളവും ആനുകൂല്യങ്ങളും അടക്കം പ്രതിമാസം രണ്ടേകാൽ ലക്ഷം രൂപ ഇവർ കൈപ്പറ്റുന്നത്.

ഇപ്പോൾ ശമ്പളം കൂട്ടണം എന്നുമാത്രമല്ല, 2016 മുതൽ മുൻകാല പ്രാബല്യത്തോടെ ഇതു നടപ്പാക്കണമെന്നാണ് പിഎസ്സി സ്വന്തം നിലയ്ക്ക് സർക്കാരിനോട് ശുപാർശ ചെയ്തിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.