തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ( ജൂലൈ 18) 3 ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ടും തുടരുന്നു.
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും കടൽ കൂടുതൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത ആവശ്യമാണ്. കൂടാതെ തമിഴ്‌നാട് തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
പുതിയ ന്യൂനമർദം രൂപപ്പെട്ടു
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്താണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. 2 ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദം ശക്തിപ്രാപിച്ചു വടക്കു -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താന്‍ സാധ്യത. ഇതിന്‍റെ ഭാഗമായി അടുത്ത 6 ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൂടാതെ വടക്കു കിഴക്കന്‍ അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴിയും വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നു. കേരള തീരത്തു പടിഞ്ഞാറന്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നതായും മുന്നറിയിപ്പില്‍ പറയുന്നു.