കൊച്ചി: ഒളിംപിക്‌സ് മാതൃകയിൽ നടത്തിയ ആദ്യ കേരള സ്‌കൂൾ കായികമേളയിൽ 1,935 പോയിന്‍റുമായി തിരുവനന്തപുരം ഓവറോൾ ചാംപ്യന്മാരായി. 848 പോയിന്‍റ് നേടി തൃശൂർ രണ്ടാം സ്‌ഥാനത്തും 824 പോയിന്‍റുമായി മലപ്പുറം മൂന്നാം സ്‌ഥാനത്തുമെത്തി. 227 സ്വർണവും 150 വെള്ളിയും 164 വെങ്കലവും നേടിയാണ് തിരുവനന്തപുരം ഓവറോൾ ചാംപ്യൻഷിപ്പ് നേടിയത്.
അത്‌ലറ്റിക്‌സിൽ 247 പോയിന്‍റുമായി മലപ്പുറം ഒന്നാമതെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 213 പോയിന്‍റുമായി പാലക്കാട് രണ്ടാമതെത്തി. ഗെയിംസിലും അക്വാട്ടിക്‌സിലും സമഗ്രാധിപത്യം നേടിയാണ് തിരുവനന്തപുരം ചാംപ്യന്മാരായത്. അത്‌ലറ്റിക്‌സിൽ മികച്ച സ്‌കൂളായി കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് തെരഞ്ഞെടുക്കപ്പെട്ടു. 80 പോയിന്‍റാണ് ഐഡിയൽ സ്‌കൂൾ നേടിയത്.
സീനിയർ ഗേൾസിന്‍റെ 4 x 400 മീറ്റർ റിലേയായിരുന്നു കായികമേളയുടെ അവസാനത്തെ ഇനം. വാശിയേറിയ മത്സരത്തിനൊടുവിൽ പാലക്കാട് ഒന്നാം സ്‌ഥാനം നേടി.
ഓവറോൾ ചാംപ്യന്മാരായ തിരുവനന്തപുരത്തിന് ചീഫ് മിനിസ്റ്റേഴ്‌സ് എവർ റോളിങ് ട്രോഫി മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. കായികമന്ത്രി വി. അബ്ദുറഹിമാൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, കടന്നപ്പള്ളി രാമചന്ദ്രൻ, ജി. അനിൽ, ചിഞ്ചുറാണി എന്നിവരും സമ്മാനങ്ങൾ വിതരണം ചെയ്തു. ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ മുഖ്യാതിഥിയായിരുന്നു.