പ്രത്യേക ലേഖകൻ
തിരുവനന്തപുരം: മാനവ വികസന സൂചികയിൽ ഏറെ മുന്നിൽ നിൽക്കുമ്പോഴും അടിസ്ഥാന സൗകര്യ വികസനത്തിലും വ്യാവസായിക രംഗത്തും പിന്നിലായിപ്പോകുന്ന പതിവ് തിരുത്താൻ കേരളം തയാറെടുക്കുന്നു. അക്ഷരാർഥത്തിൽ കരയിലും വെള്ളത്തിലുമുള്ള വിവിധ വികസന പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്യപ്പെടുന്നത്.
ഇക്കൂട്ടത്തിൽ പ്രധാനം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി തന്നെ. സംസ്ഥാന സർക്കാരിന്‍റെ സ്വപ്നപദ്ധതിയായി മാറിക്കഴിഞ്ഞ വിഴിഞ്ഞത്ത് 80 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞെന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ. ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് തുറമുഖത്തിനുണ്ടാകുക. ഇതു ക്രമേണ 30 ലക്ഷം വരെ ഉയർത്താനും ഉദ്ദേശിക്കുന്നു.
കണ്ടെയ്നർ ഒന്നിന് ശരാശരി ആറ് തൊഴിൽദിനം തുറമുഖത്തിനകത്തും പുറത്തും സൃഷ്ടിക്കപ്പെടും. പ്രാദേശിക വിപണികൾ ഉൾപ്പെടെ കൂടുതൽ സജീവമാകാൻ ഇതു സഹായിക്കുമെന്നാണ് കരുതുന്നത്. തുറമുഖം യാഥാർഥ്യമാകുന്നതോടെ നിർമാണ സാമഗ്രികൾ കുറഞ്ഞ ചെലവിൽ ഇറക്കുമതി ചെയ്യാനും സാധിക്കുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.
തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയാണ് മറ്റൊരു വികസന സ്വപ്നം. കേന്ദ്ര അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സ്ഥലമെടുപ്പും മറ്റു നടപടികളും ആരംഭിക്കാനാണ് തീരുമാനം. 4,673 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
റോഡുകളിലേക്ക് വരുമ്പോൾ, താമരശേരി ചുരം റോഡിന് ബദലായി നിർമിക്കുന്ന ആനക്കാംപൊയിൽ– കള്ളാടി– മേപ്പാടി തുരങ്കപാതയ്ക്ക് ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചു കഴിഞ്ഞു. 2,043 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി 2029ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 655 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശ പാത 2027ൽ പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നു. മലയോര ഹൈവേ 2025 ഡിസംബറോടെ പൂർത്തിയാക്കാനാണ് ശ്രമം.
ഇതുകൂടാതെ ഭാരത്‌മാല പരിയോജനയിൽ ഉൾപ്പെടുത്തി 23 അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് കേന്ദ്ര സർക്കാർ കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പ്രധാനമായും മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളാണിവ. 550 കോടി രൂപയാണ് ആകെ ചെലവ്. റോഡുകളുടെ വികസനം, വിമാനത്താവളങ്ങളിലേക്കും തുറമുഖങ്ങളിലേക്കുമുള്ള യാത്രാ സൗകര്യം വർധിപ്പിക്കൽ എന്നിവ ഇതിന്‍റെ ഭാഗമാണ്.
ഇത് പൂർത്തിയാകുന്നതോടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയാണ് കേന്ദ്ര സർക്കാരിന്‍റെ ലക്ഷ്യം. 2018ലെ പ്രളയത്തിൽ തകർന്ന പാലങ്ങൾ പുനർനിർമിക്കുന്നതടക്കം പദ്ധതിയുടെ ഭാഗമാണ്.