മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ധനസഹായവുമായി ബന്ധപ്പെട്ട് കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നിഷേധാത്മക മറുപടിയാണ് ലഭിച്ചിരിക്കുന്നത്. മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാടിനായി പ്രത്യേക കേന്ദ്ര സഹായമൊന്നും കിട്ടില്ലെന്നും വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ നിലവിലില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് കത്തിൽ വ്യക്തമാക്കുകയായിരുന്നു.
വയനാടിനോടുള്ള കേന്ദ്ര സർക്കാർ അവഗണന കേരളത്തോടുള്ള നിഷേധാത്മക നിലപാടിന്‍റെ ഭാഗമണെന്നാണ് കേരള സർക്കാരിന്‍റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പറഞ്ഞത്. സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയത് അദ്ദേഹമായിരുന്നു. കേന്ദ്ര അവഗണന അംഗീകരിക്കാൻ കഴിയില്ലന്നും നിയമപരമായും മറ്റു മാർഗങ്ങളിലൂടെയും മുന്നോട്ട് പോകുമെന്നും കെ.വി. തോമസ് വ്യക്തമാക്കിയിട്ടുണ്ട്.
കേരളം ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. വയനാട് ദുരിതത്തിൽ പണം തരില്ലെന്ന കേന്ദ്രത്തിന്‍റെ മറുപടി ഞെട്ടലുണ്ടാക്കുന്നുവെന്നും ഈ അവഗണനയ്ക്കെതിരെ പാർലമെന്‍റിൽ ഉൾപ്പെടെ യുഡിഎഫ് സമരം ചെയ്യുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. വയനാട് വോട്ടെടുപ്പ് കഴിഞ്ഞപ്പോഴാണ് ഈ തീരുമാനം വന്നത് എന്ന കാര്യം പ്രധാനപ്പെട്ടതാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വയനാടിനുള്ള സഹായം കേന്ദ്രം നിക്ഷേധിച്ചതില്‍ കേരളം പൊറുക്കില്ലെന്നും കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തുകയാണ് ചെയ്തതെന്നുമാണ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയത്. വയനാട് ഉപതെരഞ്ഞെടുപ്പ് കഴിയാനാണ് കേന്ദ്രം ഇതുവരെ കാത്തിരുന്നത്. പാലക്കാട്ടെ ജനത ബിജെപിക്ക് തിരിച്ചടി നല്‍കുമെന്നും എം.ബി. രാജേഷ് പറഞ്ഞു.
ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും ദുരന്തബാധിതരുടെ കണ്ണീര്‍ കാണാത്ത നിലപാട് വേദനാജനകമാണെന്നുമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി അറിയിച്ചത്. പ്രകൃതി ദുരന്തത്തിന്‍റെ ഇരകളെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. എന്നാല്‍, ദുരന്തമുഖത്തും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇക്കാര്യം മറച്ചുപിടിച്ചത് ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും നെറികെട്ട രാഷ്ട്രീയത്തിന്‍റെ അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കുള്ള വിഹിതത്തെ വയനാട് പാക്കേജാക്കി കുറയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനം നിന്ദ്യവും ക്രൂരവുമാണ്. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണം. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണം. കേരളത്തിന്‍റെ പൊതുവികാരം പ്രതിഷേധമായി കേന്ദ്രസര്‍ക്കാരിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തമുഖത്ത് വന്ന് ഫോട്ടോഷൂട്ട് നടത്തിയ പ്രധാനമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും വയനാട് ജനതയുടെ യഥാർഥ ദുരിതം തിരിച്ചറിയാനുള്ള മനസുണ്ടായില്ല. കേരളം ഒറ്റക്കല്ലെന്നും പുനരധിവാസത്തിന് പണത്തിന് യാതൊരു തടസമുണ്ടാകില്ലെന്നും ദുരന്തമുഖം സന്ദര്‍ശിച്ച ശേഷം പറഞ്ഞ പ്രധാനമന്ത്രിയാണ് ഇപ്പോള്‍ കൈമലര്‍ത്തുന്നത്. ദുരന്തം കഴിഞ്ഞിട്ട് 100 ദിവസം പിന്നിട്ടിട്ടും പ്രത്യേക സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടുവെന്നും കെ.സി. വേണുഗോപാൽ.
വയനാട്ടിലേതിനെക്കാൾ ചെറിയ ദുരന്തം നടന്ന സംസ്ഥാനങ്ങൾക്ക് പോലും കേന്ദ്രം സഹായം നൽകിയെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് ദേശീയ-അന്തർദേശീയ സഹായങ്ങൾ ലഭിക്കുമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
നേരത്തേ, പ്രളയദുരന്ത പശ്ചാത്തലത്തിൽ പല രാജ്യങ്ങളും ദുരിതാശ്വാസ ഫണ്ട് സഹായമായി നൽകാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചതെന്ന് ഗോവിന്ദൻ ഓർമിപ്പിച്ചു. കേരളത്തിന്‍റെ പൊതുതാത്പര്യത്തോടൊപ്പം കേന്ദ്രസർക്കാർ നിൽക്കുന്നില്ല എന്നതുമാത്രമല്ല, നേരെ വിപരീതമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും, കേന്ദ്രനിലപാടുകൾക്കെതിരായ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും എം.വി. ഗോവിന്ദൻ.