തിരുവനന്തപുരം: വ്യാപാര ലൈസൻസ് പുതുക്കുവാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റും കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ് ആവശ്യപ്പെട്ടു. കെ. സ്മാർട്ടിലെ നിബന്ധനകൾ ലഘൂകരിക്കണം. നിരവധി വ്യാപാരികൾക്ക് ഇപ്പോഴും ലൈസൻസ് എടുക്കുവാൻ കഴിഞ്ഞിട്ടില്ല. ചെറുകിട - സൂക്ഷ്മ - കുടിൽ വ്യവസായ സംരംഭങ്ങൾക്ക് പോലും പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ ഉൾപ്പെടെയുള്ള എൻഒസി വേണം എന്ന നിബന്ധന മൂലം ഈ ഗണത്തിൽ പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ലൈസൻസ് എടുത്തു പ്രവർത്തിക്കുവാൻ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട വ്യാപാരികൾക്ക് ഇത്രയേറെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒരു ലൈസൻസ് പുതുക്കൽ പ്രക്രിയ ഭാരതത്തിൽ മറ്റെങ്ങും ഇല്ല. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജെ. മാടസ്വാമി പിള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ കെ. എം. നാസറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരിൽ ഒരു വിഭാഗം ആളുകൾ തിരുവനന്തപുരത്ത് നടത്തി വന്നിരുന്ന നിയമവിരുദ്ധ സാമ്പത്തിക പദ്ധതികൾ നിരോധിച്ചു കൊണ്ടുള്ള തിരുവനന്തപുരം മുൻസിഫ് കോടതിയുടെ ഉത്തരവ് ജില്ലാ കൗൺസിൽ യോഗം സ്വാഗതം ചെയ്തു.
നേതാക്കളായ എസ്. മോഹൻകുമാർ, സതീഷ് വസന്ത്, പാളയം പത്മകുമാർ, എം, ഫസലുദ്ദീൻ, കെ, ഹരി, എ.കെ. എം. അസീം മുഈനി, പ്രകീർത് കുമാർ, എം. ഷാജഹാൻ, കെ. വിദ്യാധരൻ, എം. ജയപ്രകാശ്, സലിം ഖാൻ, ബിജു തങ്കപ്പൻ, ഷഫീർ മൗലവി, സുരേഷ് കുമാർ, ഫാരിഷ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.
പുതിയ ജില്ലാ പ്രസിഡന്‍റായി എ.കെ.എം അസീം മുഈനിയേയും, വർക്കിംഗ് പ്രസിഡന്‍റുമാരായി ജെ. മാടസ്വാമി പിള്ള, പാളയം പത്മകുമാർ, ജില്ലാ ജനറൽ സെക്രട്ടറിയായി പി. പ്രകീർത് കുമാർ, ജില്ലാ ട്രഷററായി അസീം മീഡീയ എന്നിവരേയും യോഗം ഐകകണ്ഠേന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ തുടരും. കൂടുതൽ വിവരങ്ങൾക്ക്: പി. പ്രകീർത് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി, 9497013950