ആകാശ കാഴ്ചകളുമായി സീപ്ലെയിന്‍ കേരളത്തിലേക്ക്, മാട്ടുപ്പെട്ടി ഡാമിൽ ജലവിമാനമിറങ്ങും; ഫ്ലാഗ് ഓഫ് തിങ്കളാഴ്ച

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍ നിന്നാണ് യാത്രക്കാര്‍ വിമാനത്തിലേക്ക് പ്രവേശിക്കുക
Keralas first Seaplane service
ആകാശ കാഴ്ചകളുമായി സീപ്ലെയിന്‍ കേരളത്തിലേക്ക്, മാട്ടുപ്പെട്ടി ഡാമിൽ ജലവിമാനമിറങ്ങും; ഫ്ലാഗ് ഓഫ് തിങ്കളാഴ്ച
Updated on

ഇടുക്കി: വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസ് കേരളത്തിലേക്കും. റണ്‍വേയ്ക്ക് പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തില്‍ തന്നെ ലാന്‍ഡിങ് നടത്തുകയും ചെയ്യുന്ന വിമാനങ്ങളാണ് സീ പ്ലെയിനുകള്‍. ഇടുക്കിയുടെ ചരിത്രത്തിലാദ്യമായി ജലവിമാനമിറങ്ങുന്നു എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. നവംബർ 11 തിങ്കളാഴ്ച രാവിലെ 11 ന് മാട്ടുപ്പെട്ടിയുടെ ജലപ്പരപ്പിലേക്ക് ജലവിമാനം താണിറങ്ങും.

തിങ്കളാഴ്ച ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ രാവിലെ 9.30 നാണ് ചടങ്ങുകൾ നടക്കുക. പി. രാജീവ് യോഗത്തിൽ അധ്യക്ഷത വഹിക്കും. കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ തമ്മിലുള്ള കണക്റ്റി​വിറ്റിയും വാട്ടര്‍ ഡ്രോമുകളും വിമാനത്താവളങ്ങളും തമ്മിലുമുള്ള കണക്റ്റി​വിറ്റിയും വര്‍ധിപ്പിക്കാന്‍ ഇതിലൂടെ അവസരമൊരുങ്ങും. 9, 15, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളിൽ യാത്രാസമയത്തിലും ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രയിലും വലിയ മാറ്റം വരുത്താനാകും. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍ നിന്നാണ് യാത്രക്കാര്‍ വിമാനത്തിലേക്ക് പ്രവേശിക്കുക.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് "ഡിഹാവ്‌​ലന്‍ഡ് കാനഡ' കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുക. തുടര്‍ന്ന് വിമാനം ഉച്ചകഴിഞ്ഞ് 3.30 ന് ബോള്‍ഗാട്ടി പാലസ് വാട്ടര്‍ ഡ്രോമില്‍ എത്തും. വിമാനത്തിലെ പൈലറ്റുമാര്‍ക്കും ഇതര ജീവനക്കാര്‍ക്കും ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ ടൂറിസം വകുപ്പ് ആതിഥേയത്വമൊരുക്കും.​ ഫ്ലാഗ് ഓഫിനു ശേഷം വിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തും.

ജലാശയങ്ങളുടെ നാടായ കേരളത്തില്‍ സീപ്ലെയിന്‍ പദ്ധതിക്ക് വലിയ സാധ്യതയാണുള്ളതെന്നാണ് ടൂറിസം വകുപ്പിന്‍റെ കണക്കുകൂട്ടൽ. എല്ലാ ജില്ലകളിലെയും പ്രധാന ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് വാട്ടര്‍ ഡ്രോമുകള്‍ ഒരുക്കാനാകും. ബോള്‍ഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്ക്കു പുറമേ കോവളം, അഷ്‌​ട​മുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കല്‍ തുടങ്ങിയവ വാട്ടര്‍ഡ്രോമുകള്‍ സ്ഥാപിക്കാന്‍ പരിഗണനയിലുള്ളവയാണ്. "ഡിഹാവ്‌​ലന്‍ഡ് കാനഡ' എന്ന സീപ്ലെയിന്‍ ആണ് കേ​ര​ള​ത്തി​ലെ​ത്തി​യി​രി​ക്കു​ന്നത്. ​

സീപ്ലെയിന്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ കേരളത്തിന്‍റെ ടൂറിസം വികസനത്തില്‍ വലിയ കുതിച്ചുചാട്ടത്തിനാണ് സാധ്യത ഒരുങ്ങുന്നതെന്ന് ടൂറിസം മന്ത്രി പറഞ്ഞു. സംസ്ഥാനം നടപ്പാക്കുന്ന അനുഭവവേദ്യ, സുസ്ഥിര, ഉത്തരവാദിത്ത ടൂറിസം, ഡെസ്റ്റിനേഷന്‍ ചലഞ്ച് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ഇത് ഊർജമേകും. തീരദേശ, മലയോര ടൂറിസം ഡെസ്റ്റിനേഷനുകളിലേക്കുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനും സമയം ലാഭിക്കാനും സീപ്ലെയിന്‍ സര്‍വീസുകളിലൂടെ സാധിക്കും. ഉള്‍നാടന്‍ ഗ്രാമങ്ങളിലേക്ക് യാത്രചെയ്യാനും അനുഭവവേദ്യ ടൂറിസത്തിന്‍റെ ഭാഗമാകാനും സഞ്ചാരികള്‍ക്ക് അവസരമൊരുങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.