തിരുവനന്തപുരം: എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ- ഫോൺ പദ്ധതി തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തിലും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 30,000 സർക്കാർ സ്ഥാപനങ്ങളിലും ഒരു നിയമസഭാ മണ്ഡലത്തിൽ 100 വീടുകൾ എന്ന കണക്കിൽ 14,000 വീടുകളിലും കെ- ഫോൺ ഇന്റർനെറ്റ് എത്തും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്കു സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം.
നിലവിൽ 18,000ത്തോളം സർക്കാർ സ്ഥാപനങ്ങളിൽ കെ- ഫോൺ മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി. 7,000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാൻ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി. 40 ലക്ഷത്തോളം ഇന്റർനെറ്റ് കണക്ഷനുകൾ നൽകാൻ കഴിയുന്ന ഐടി അടിസ്ഥാന സൗകര്യങ്ങൾ കെ- ഫോൺ ഇതിനോടകം സജ്ജമാക്കി.
ജൂണ്‍ അവസാനത്തോടെ നിലവില്‍ ലഭിച്ചിരിക്കുന്ന പട്ടികയനുസരിച്ച് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കണക്ഷന് എത്തിക്കും. ഓഗസ്റ്റോടെ ആദ്യഘട്ടം പൂർത്തീകരിച്ച് വാണിജ്യ കണക്ഷൻ നൽകുന്ന നടപടികളിലേക്ക് കടക്കും. ആദ്യവർഷം രണ്ടര ലക്ഷം വാണിജ്യ കണക്ഷനുകൾ നൽകാമെന്നാണ് കണക്കുകൂട്ടൽ. മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ കെ- ഫോണ്‍ മൊബൈൽ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും പ്ലേസ്റ്റോറിലും ലഭ്യമാകും.