തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ അപമാനിച്ചെന്നാരോപിച്ച് ബാലുശേരി എംഎല്‍എ സച്ചിന്‍ദേവിനെതിരേ വടകര എംഎല്‍എ കെ.കെ രമ പരാതി നല്കി. സ്പീക്കര്‍ എ.എൻ ഷംസീറിനും തിരുവനന്തപുരം സൈബര്‍ സെല്ലിനുമാണ് പരാതി നല്‍കിയത്. ഇതാദ്യമാണ് ഒരു എംഎല്‍എയ്ക്കെതിരേ മറ്റൊരു എംഎല്‍എ സൈബര്‍സെല്ലില്‍ പരാതി നല്‍കുന്നത്.
നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നെന്നാണു പരാതി. സഭയില്‍ ഏതാനും സീറ്റുകള്‍ക്കപ്പുറം ഇരിക്കുന്ന ജനപ്രതിനിധി തന്നോട് കാര്യങ്ങള്‍ ചോദിച്ച് വിവരം മനസിലാക്കുന്നതിന് പകരം സാമൂഹിക മാധ്യമങ്ങള്‍ വഴി തനിക്ക് അപമാനമുണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതായും രമ ആരോപിക്കുന്നു.
നിയമസഭാംഗമായ എന്റെ പേരില്‍ അപകീര്‍ത്തികരമായ കള്ളപ്രചരണങ്ങളാണ് നടത്തുന്നത്. ഒരു സാമാജിക എന്ന നിലയില്‍ തന്റെ വിശ്വാസ്യതയെ സച്ചിൻ ദേവ് ചോദ്യം ചെയ്യുന്നു. വിവിധ സമയങ്ങളിലെടുത്ത ഫോട്ടൊ ഉപയോഗിച്ചുകൊണ്ട് സച്ചിന്‍ദേവ് എനിക്കെതിരേ പോസ്റ്റ് ചെയ്യുന്നു. ഇത് മറ്റുള്ളവര്‍ ഏറ്റ് പിടിക്കുന്ന സ്ഥിതിയാണ്. ഒരു എംഎല്‍എ ഇത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സത്യം തിരിച്ചറിയണം. മറിച്ച് ഇത്തരത്തില്‍ നീങ്ങുന്നത് വളരെ അപകീര്‍ത്തികരമായ കാര്യമാണ്.
പോസ്റ്റ് പിന്‍വലിക്കണമെന്നും പരാതിയില്‍ പറയുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വ്യക്തികളെ അധിക്ഷേപിക്കുന്ന നിലപാടിലേക്ക് പോകുന്നതിനെതിരെയാണ് നടപടി ആവശ്യപ്പെട്ടതെന്നും കെ.കെ രമ മാധ്യമങ്ങളോട് പറഞ്ഞു.നിയമസഭ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സച്ചിൻ ദേവ് കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഫെയ്സ്ബുക്ക് പോസ്റ്റിനെതിരായാണ് പരാതി.