കെ.എം. ബഷീർ കൊലപാതകം: വിചാരണ ഡിസംബര്‍ രണ്ടിന് ആരംഭിക്കും

95 സാക്ഷികളെ വിസ്തരിക്കും
km basheer murder: Trial to begin on December 2
ശ്രീറാം വെങ്കിട്ടരാമന്‍ |കെ.എം. ബഷീർfile
Updated on

തിരുവനന്തപുരം: സിറാജ് യൂനിറ്റ് ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ ഡിസംബര്‍ രണ്ടിന് ആരംഭിക്കും. ഡിസംബര്‍ രണ്ടു മുതല്‍ 18 വരെ നടക്കുന്ന വിചാരണയില്‍ 95 സാക്ഷികളെ വിസ്തരിക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് കോടതി ഇന്നലെ ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരെ വിചാരണയുടെ അവസാനഘട്ടത്തിലാകും വിസ്തരിക്കുക. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279, 301, 304,മോട്ടോര്‍ വകുപ്പ് നിയമം 184 എന്നീ വകുപ്പ് പ്രകാരമാണ് വിചാരണ. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് പ്രതിയെ വിചാരണ ചെയ്യുന്നത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റെക്‌സ് ഹാജരാകും.

കഴിഞ്ഞ മാസം 16ന് കേസ് പരിഗണിച്ചപ്പോഴാണ് അഡീഷണൽ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണു ശ്രീറാം വെങ്കിട്ടരാമനെതിരേ നരഹത്യാ കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്. പ്രതിക്കൂട്ടില്‍ നിന്ന പ്രതിയെ കോടതി നേരിട്ട് തയ്യാറാക്കിയ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തിയത്. തനിക്കെതിരായ പൊലീസ് കുറ്റപത്രം അടിസ്ഥാന രഹിതമാണെന്ന പ്രതിയുടെ വാദം തള്ളിയാണ് കോടതി കുറ്റം ചുമത്തിയത്. അശ്രദ്ധമായി മനുഷ്യജീവന് ആപത്താകും വിധം പൊതു നിരത്തില്‍ വാഹനമോടിക്കല്‍, മനപൂര്‍വമുള്ള നരഹത്യ, തെളിവുകള്‍ നശിപ്പിക്കല്‍, തെറ്റായ വിവരം നല്‍കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണു വിചാരണക്ക് മുന്നോടിയായി പ്രതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. പ്രതി കുറ്റം ചെയ്തതായി അനുമാനിക്കാന്‍ പ്രഥമ ദൃഷ്ട്യാലുള്ള തെളിവുകള്‍ കോടതി മുമ്പാകെയുള്ളതായും കുറ്റം ചുമത്തല്‍ ഉത്തരവില്‍ കോടതി നിരീക്ഷിച്ചിരുന്നു.

കേസില്‍ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണു പ്രതിയെ വിചാരണക്കായി തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി വിളിച്ചു വരുത്തുന്നത്. 2023 ഓഗസ്റ്റ് 25 നാണ് കേസില്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി ശ്രീറാം വെങ്കിട്ടരാമന്‍റെ റിവിഷന്‍ ഹർജി തിരസ്‌കരിച്ചത്. നരഹത്യ കേസ് നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഇടപെടല്‍. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. കേസില്‍ നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങള്‍ പുനഃസ്ഥാപിച്ച ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്നത‌ു വിചാരണയിലാണു വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണു സുപ്രീംകോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചത്. ഇതോടെയാണ് നരഹത്യ കുറ്റത്തിന് ശ്രീറാം വെങ്കിട്ടരാമന്‍ വിചാരണ നേരിടാന്‍ സാഹചര്യം ഒരുങ്ങിയത്. 2019 ഓഗസ്റ്റ് മൂന്ന് പുലര്‍ച്ചെയായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ച് വാഹനം ഇടിച്ച് കെ.എം. ബഷീറിനെ കൊലപ്പെടുത്തിയത്.

Trending

No stories found.

Latest News

No stories found.