ഇത് എൻഡിഎ സഖ്യത്തിന്‍റെ ജീവൻ രക്ഷിക്കാൻ
കെ.എൻ. ബാലഗോപാൽ, ധനകാര്യ മന്ത്രി

ഇത് എൻഡിഎ സഖ്യത്തിന്‍റെ ജീവൻ രക്ഷിക്കാൻ

വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പക്ഷേ കേരളത്തെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും നിരാശാജനകമായിപ്പോയി
Published on

#കെ.എൻ. ബാലഗോപാൽ, ധനകാര്യ മന്ത്രി

അങ്ങേയറ്റം കേരള വിരുദ്ധമായ ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. എൻഡിഎ സഖ്യത്തിന്‍റെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ളത്. സംസ്ഥാനങ്ങൾക്കു വേണ്ടി ഏറ്റവും ന്യായമായ കാര്യങ്ങൾ പോലും ചെയ്തിട്ടില്ല.

വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പക്ഷേ കേരളത്തെ സംബന്ധിച്ചും രാജ്യത്തെ സംബന്ധിച്ചും നിരാശാജനകമായിപ്പോയി. അങ്ങേയറ്റം കേരള വിരുദ്ധമാണിത്. കേരളത്തിന്‍റെ ഒരാവശ്യവും പരിഗണിച്ചില്ല. മോദി ഗവൺമെന്‍റിന്‍റെ നിലനിത്പ്പിന് വേണ്ടി മാത്രം നടത്തിയ ഒരു രാഷ്‌ട്രീയ ഗിമ്മിക്കാണിത്.

സംസ്ഥാനങ്ങളെ കരുതിയിട്ടില്ലെന്ന് മാത്രമല്ല, ഏറ്റവും ന്യായമായ കാര്യങ്ങൾ പോലും ചെയ്തിട്ടില്ല. കോ ഓപ്പറേറ്റീവ് ഫെഡറലിസമെന്ന് ഒരു തരത്തിലും പറയാൻ മോദി ഗവൺമെന്‍റിന് അർഹതയില്ല. സംസ്ഥാനങ്ങളുടെ താത്പര്യങ്ങളെ ഒരു തരത്തിലും ബജറ്റ് സംരക്ഷിക്കുന്നില്ല. സ്വന്തം മുന്നണിയുടെ താത്പര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടി ചില സംസ്ഥാനങ്ങൾക്ക് ആനുകൂല്യങ്ങൾ അനുവദിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ബജറ്റ്.

കണക്കുകൾ നോക്കുമ്പോൾ കഴിഞ്ഞ ബജറ്റും ഈ ബജറ്റും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്ന് കാണാം. വലിയ തോതിലുള്ള വെട്ടിച്ചുരുക്കൽ പല മേഖലയിലും വരുത്തിയിട്ടുമുണ്ട്. 10 ലക്ഷത്തിലധികം വേക്കൻസികൾ കാലിയായി കിടക്കുന്നു. സ്വകാര്യ മേഖലയിൽ ജോലി അവസരങ്ങളുണ്ടാക്കാനുള്ള ശ്രമം മാത്രമാണ് നടക്കുന്നത്. അതു തന്നെ എത്രത്തോളം പ്രാവർത്തികമാക്കുമെന്ന് ഉറപ്പില്ല.

വിവിധ പദ്ധതികളിൽ നിന്ന് വെട്ടിക്കുറയ്ക്കപ്പെട്ട പണം പാക്കെജായി നൽകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. മറ്റു സംസ്ഥാനങ്ങൾക്ക് അവർ ആവശ്യപ്പെട്ട പാക്കെജ് നൽകിയെങ്കിലും കേരളത്തോട് പൂർണ അവഗണനയാണ്. വിഴിഞ്ഞം പദ്ധതിക്കായി ഒരു തുക പോലും അനുവദിച്ചില്ല. സ്ഥലമുൾപ്പെടെ മാറ്റിയിട്ടിട്ടും സംസ്ഥാനത്തിന് എയിംസ് നൽകിയില്ല.

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നാൽ ബജറ്റിൽ ധാരാളം പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ രണ്ട് കേന്ദ്ര മന്ത്രിമാർ കേരളത്തിലുണ്ടായിട്ടു കൂടി ഒന്നും ലഭിച്ചിട്ടില്ല. ഇവരും യുഡിഎഫ് എംപിമാരും ഇതിൽ അഭിപ്രായം പറയണം. സംയുക്തമായി കേരളത്തിന്‍റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കണം.