കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീപിടുത്തത്തെ തുടർന്നുണ്ടായ പുകയിൽ വലഞ്ഞ് കൊച്ചി. തുടർച്ചയായ മൂന്നാം ദിവസമാണു കൊച്ചി നഗരം പുകയിൽ മൂടുന്നത്. കലൂർ, പാലാരിവട്ടം, വൈറ്റില, മരട്, കുമ്പളം ഭാഗങ്ങളിലേക്കു പുക പടർന്നിട്ടുണ്ട്. ഇന്നലെ രാത്രിയും സമാനമായ സാഹചര്യമാ യിരുന്നു. അതേസമയം തീപിടുത്തത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു. അട്ടിമറി അടക്കമുള്ള സാധ്യതകൾ പരിശോധിക്കും.
പ്ലാസ്റ്റിക് കൂനകളിലെ ആളിക്കത്തൽ നിയന്ത്രണ വിധേയമായെങ്കിലും പുക ഉയരുന്നതിനു ശമനമുണ്ടായിട്ടില്ല. അത് പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിച്ച പ്രദേശത്തെ പന്ത്രണ്ട് മേഖലകളായി തിരിച്ചുള്ള ശ്രമങ്ങളാണു നടത്തുന്നത്. അഗ്നിരക്ഷാ സേനയുടെ അധിക യൂണിറ്റുകളുടെ സേവനം ഇന്നു പ്രയോജനപ്പെടുത്തും. സമീപത്തെ പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കാറ്റിന്‍റെ ദിശ മാറി വരുന്നതിനാൽ നഗരത്തിന്‍റെ പല ഭാഗങ്ങളിലേക്കും പുക പടരുന്നുണ്ട്.
അതേസമയം, ബ്രഹ്മപുരത്തും സമീപ പ്രദേശങ്ങളിലുമുള്ളവർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ആളുകൾ പുറത്തിറങ്ങു ന്നതിനു നിയന്ത്രണമുണ്ട്. സ്ഥാപനങ്ങൾ തുറക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ചികിത്സ തേടുന്നതിന് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്വകാര്യ ആശുപത്രികളും ജനറല്‍ ആശുപത്രി ഉള്‍പ്പടെ യുള്ളവയും സജ്ജമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.