സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കിയ സംഭവം: അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി
കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ അജ്മലിനെതിരെ മനഃപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ശാസ്താംകോട്ട പൊലീസാണ് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടര്‍ ശ്രീക്കുട്ടിക്കെതിരെയും പ്രേരണാക്കുറ്റത്തിന് കേസെടുക്കും.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മലിനെ പതാരത്ത് നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് പിടികൂടിയത്. ഇരുവും മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് ഇരുവരും മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്. ലഹരി വസ്തു വിറ്റതിന് അജ്മലിനെതിരെ നേരെത്തെയും കേസുണ്ട്.
മൈനാഗപ്പള്ളി ആനൂർക്കാവിൽ ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്. കാർ ഇടിച്ചയുടനെ വാഹനം നിർത്താൻ നാട്ടുകാർ ഡ്രൈവറായ അജ്മലിനോട് പറഞ്ഞെങ്കിലും അമിതവേഗത്തിൽ ഇയാൾ കാർ കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി രക്ഷപ്പെടുകയായിരുന്നു. കുഞ്ഞുമോള്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്. കുഞ്ഞുമോളെ ഇടിച്ച ശേഷം മറ്റൊരു സ്ഥലത്തും ഈ വാഹനം അപകടത്തിൽപ്പട്ടെന്നും വിവപരമുണ്ട്. അവിടെനിന്ന് അജ്മൽ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നാണ് കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
വാഹനം മുന്നോട്ടെടുക്കാന്‍ ഡ്രൈവറെ പ്രേരിപ്പിച്ചത് ഡോ.ശ്രീക്കുട്ടിയാണെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നൽകിയിരുന്നു. എന്നാൽ നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ് മുന്നോട്ടു വാഹനമെടുത്ത് പോയതെന്ന് പ്രതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഇവരെ കേസിൽ പ്രതി ചേർക്കുന്നത്. നിരവധി കേസുകളില്‍ പ്രതിയായ അജ്മലിനെ 6 മാസം മുമ്പാണ് ഡോ.ശ്രീക്കുട്ടി പരിചയപ്പെടുന്നത്. ഇത് പിന്നീട് സൗഹൃദമായി വളരുകയായിരുന്നു. കാര്‍ നിര്‍ത്തിയിരുന്നുവെങ്കില്‍ ഒരുപക്ഷേ കുഞ്ഞുമോളെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്.