തോമസ് ചാഴികാടൻ, ഫ്രാൻസിസ് ജോർജ്
തോമസ് ചാഴികാടൻ, ഫ്രാൻസിസ് ജോർജ്

കോട്ടയം ആരെ കൂടെ കൂട്ടും?

എല്ലാം കോണ്‍ഗ്രസിനെ ഏല്‍പ്പിച്ച് കോട്ടയത്തേയ്ക്ക് തിരിഞ്ഞു നോക്കാതെ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാക്കള്‍ എന്ന ആക്ഷേപം ശക്തം. കേരളാ കോണ്‍ഗ്രസ് എം - സിപിഎം കൂട്ടായ്മയുടെ ആഴമളക്കാന്‍ ഇടതുമുന്നണിയും
Published on

കോട്ടയം: ജനം പോളിങ് ബൂത്തിലേക്കെത്താൻ ഇനി ദിവസങ്ങൾ മാത്രം. അവസാന വട്ട ഓട്ടപ്പാച്ചിലിനിടെ മുന്നണികൾക്ക് തലവേദനയായി തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഉടനീളം ഉയർന്നു വന്ന നെഗറ്റീവ് ഘടകങ്ങള്‍ വിനയാകുമോ എന്ന ആശങ്കയാണ് മുന്നണികള്‍ക്കുള്ളത്. മാസങ്ങള്‍ക്കു മുമ്പേ ഗൃഹപാഠം നടത്തി, ഒരുങ്ങിയിറങ്ങിയിട്ടും തുടര്‍ച്ചയായി പാളിച്ചകള്‍ ഉണ്ടാകുന്നതാണു നേതൃത്വങ്ങളെ അസ്വസ്ഥരാക്കുന്നത്. അവശേഷിക്കുന്ന ദിവസങ്ങളില്‍ പരിഹരിക്കാന്‍ കഴിയാത്ത പാളിച്ചകളാണ് ഏറെയുമെന്നതു വോട്ട് നിലയെ പോലും ബാധിക്കുന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. പ്രചാരണ കാലത്ത് ഏറെയും പ്രതിസന്ധി നേരിട്ടത് യു.ഡി.എഫാണ്.

കൊഴിഞ്ഞുപോക്ക് തലവേദനയാകും

സ്ഥാനാര്‍ഥി ഫ്രാൻസിസ് ജോർജിന്‍റെ പാർട്ടിയായ കേരളാ കോൺഗ്രസില്‍ നിന്നുള്ള നേതാക്കളുടെ തുടര്‍ച്ചായ കൊഴിഞ്ഞുപോക്കും തുടർന്നുണ്ടായ വിവാദങ്ങളുമാണ് യു.ഡി.എഫിനെ അസ്വസ്ഥതപ്പെടുത്തുന്നത്. ഇന്നലെ പി.ജെ ജോസഫിന്‍റെ വിശ്വസ്തനും കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാനുമായ വി.സി. ചാണ്ടിയാണു രാജിവച്ചത്. ചാണ്ടി ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ കോട്ടയത്തെ തെരഞ്ഞെടുപ്പു രംഗത്തെ ബാധിക്കുമെന്നു പോലും യു.ഡി.എഫ് ക്യാമ്പിൽ ആശങ്കയുണ്ട്.

കഴിഞ്ഞ ദിവസം കൊല്ലം ജില്ലാ പ്രസിഡണ്ടും ഉന്നതാധികാര സമിതി അംഗവുമായ അറയ്ക്കല്‍ ബാലകൃഷ്ണ പിള്ള രാജി വച്ചിരുന്നു. ജില്ലാ പ്രസിഡണ്ടും യു ഡി എഫ് ചെയര്‍മാനുമായ സജി മഞ്ഞക്കടമ്പന്‍ രാജിവച്ചത് കുറച്ചൊന്നുമല്ല മുന്നണിയെ ബാധിച്ചത്.

ജോസഫ് ഗ്രൂപ്പിന് കോട്ടയത്തോട് അയിത്തമോ?

ഫ്രാന്‍സിസ് ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ജോസഫ് ഗ്രൂപ്പില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല എന്നാണ് സൂചന. ജോസഫ് ഗ്രൂപ്പിന്‍റെ മുതിര്‍ന്ന നേതാക്കളാരും കോട്ടയത്തേയ്ക്ക് തിരിഞ്ഞു നോക്കുന്നുപോലുമില്ല. പാര്‍ട്ടിയുടെ ഏക സ്ഥാനാര്‍ഥി മത്സരിക്കുന്ന മണ്ഡലമായിട്ടും മുതിര്‍ന്ന നേതാവ് ടി.യു. കുരുവിള, മണ്ഡലംകാരനായ തോമസ് ഉണ്ണിയാടന്‍ എക്സ് എംഎല്‍എ, ജോസഫ് എം. പുതുശേരി എക്സ് എംഎല്‍എ എന്നിവരൊന്നും പ്രചാരണ രംഗത്ത് നാമമാത്ര സാന്നിധ്യം പോലുമായിട്ടില്ല.

സമീപ ജില്ലകളിലെ പ്രസിഡന്‍റുമാരായ എര്‍ണാകുളം ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം, പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് വര്‍ഗീസ് മാമന്‍, തൃശൂരിലെ മുതിര്‍ന്ന നേതാവും വൈസ് ചെയര്‍മാനുമായ എം.പി. പോളി, ഇടുക്കി ജില്ലാ പ്രസിഡന്‍റ് എം.ജെ. ജേക്കബ് എന്നിവരൊന്നും മണ്ഡലത്തിലേക്കു തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതി കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്.

സ്ഥാനാര്‍ഥിയെ അയച്ചിട്ടുണ്ട്, ഇനി ജയിപ്പിക്കേണ്ട ചുമതല കോണ്‍ഗ്രസിനാണ് എന്നതാണ് കേരളാ കോണ്‍ഗ്രസ് സമീപനം എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം. അതിനാല്‍ തന്നെ ഇതേ നിസഹകരണം കോണ്‍ഗ്രസ് നേതാക്കളിലും വ്യക്തമാണ്.

റോഡ് ഷോ പൊളിച്ചതാര്?

ഇതോടെ തെരഞ്ഞെടുപ്പു കഴിഞ്ഞാലും യുഡിഎഫിലും കേരളാ കോണ്‍ഗ്രസിലും പ്രശ്‌നം നീറുമെന്ന് ഉറപ്പ്. ഇത്തരം വിഷയങ്ങളില്‍ പ്രതിരോധത്തിലേക്കു നീങ്ങിയതോടെ ജനകീയ വിഷയങ്ങള്‍ കൃത്യമായി ജനങ്ങളുടെ മുന്നിലെത്തിക്കാന്‍ കഴിഞ്ഞോ എന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഏതു രീതിയിലാകും ബാധിക്കുകയെന്ന സന്ദേഹം വേറെ. രാഹുലിന്‍റെ റോഡ് ഷോയ്ക്ക് പോലും ആളെ കൂട്ടാതിരുന്നതിൽ കോൺഗ്രസ് കടുത്ത പ്രതിഷേധമാണ് കേരളാ കോൺഗ്രസ് നേതാക്കളെ അറിയിച്ചത്.

നേതാക്കളുടെ വരവിലും പ്രചാരണത്തിലും വലിയ മുന്നേറ്റം ഉറപ്പാക്കിയെങ്കിലും പ്രതികൂല ഘടങ്ങള്‍ തിരിച്ചടിയാകുമോയെന്ന ഭയം എന്‍ഡിഎയ്ക്കുമുണ്ട്.

സമുദായ നേതാവ് എന്ന പ്രതിച്ഛായ വോട്ട് നേട്ടത്തെ ബാധിക്കുമോയെന്നാണ് ആശങ്ക. എന്നാല്‍, സമുദായ നേതാവ് എന്നത് തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിനു മുമ്പേ ഉണ്ടായിരുന്നതാണെന്നും വോട്ടിനെ ബാധിക്കില്ലെന്നും നേതാക്കള്‍ പറയുന്നു.

ഇതിനൊപ്പമാണ്, മേല്‍ത്തട്ടിലെ ഓളവും ആവേശവും ഇതേവരെ താഴെത്തട്ടിയില്‍ എത്തിയിട്ടില്ലെന്ന മുന്നണികളുടെ ആശങ്ക. പലയിടങ്ങളിലും ഒന്നാം ഘട്ട ഭവന സന്ദര്‍ശനം പൂര്‍ത്തിയായി വരുന്നതേയുള്ളു. ചൂട്, ലോക്‌സഭാ തെരഞ്ഞെടുപ്പ് തുടങ്ങിയ കാരണങ്ങളാണു ഭവന സന്ദര്‍ശനത്തിനു പ്രതികൂലമാകുന്നതായി നേതാക്കള്‍ പറയുന്നത്.

പര്യടനത്തിലും മ്ലാനത

ഇടതുമുന്നണി നാലു മാസം മുന്‍പ് മുതല്‍ പ്രചാരണ രംഗത്ത് സജീവമാണെങ്കിലും കേരളാ കോണ്‍ഗ്രസ് എം - സിപിഎം അണികള്‍ക്കിടയിലുള്ള കൂട്ടായ്മ എത്രകണ്ട് വിജയകരമാകുന്നു എന്നത് തെരെഞ്ഞെടുപ്പ് കഴിഞ്ഞാലെ വ്യക്തമാകൂ. തോമസ് ചാഴികാടന്‍ മണ്ഡലത്തില്‍ ഇതിനോടകം രണ്ടു റൗണ്ട് പര്യടനം പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്.

ചാഴികാടന്‍ ഒരു നിയോജകമണ്ഡലത്തില്‍ 140 കേന്ദ്രങ്ങളിലൂടെ കടന്നു പോയപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ പര്യടനം നാമമാത്ര കേന്ദ്രങ്ങളില്‍ റോഡ് ഷോ ആയി മാറി എന്നതിലും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായ അമര്‍ഷമുണ്ട്. എങ്കിലും യുഡിഎഫ് കേന്ദ്രങ്ങള്‍ വലിയ വിജയ പ്രതീക്ഷയാണ് വച്ച് പുലര്‍ത്തുന്നത്.