കോട്ടയം: പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്റ്ററേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർ വിജിലൻസ് പിടിയിലായി. എക്സിക്യുട്ടീവ് എഞ്ചിനിയർ കെ.കെ സോമനെയാണ് കോട്ടയം വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എറണാകുളം സ്വദേശിയായ കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. പത്തനംതിട്ട നിരണം സ്വദേശിയാണ് സോമൻ.
എറണാകുളം സ്വദേശിയായ കരാറുകാരനിൽ നിന്നും കെട്ടിടത്തിന്‍റെ സ്‌കീം അപ്രൂവലിനായി കൈക്കൂലി കണക്കു പറഞ്ഞു വാങ്ങുമ്പോഴാണ് ഇയാൾ വിജിലൻസിന്റെ പിടിയിൽ കുടുങ്ങിയത്. നിരന്തരം കൈക്കൂലി വാങ്ങിയിരുന്ന ഇയാൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നതായി വിജിലൻസ് പറഞ്ഞു.
കോട്ടയത്ത് ഒരു കെട്ടിടത്തിന്‍റെ സ്‌കീം അപ്രൂവലിനായാണ് കരാറുകാരൻ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്‌പെക്റ്ററേറ്റ് ഓഫിസിൽ എത്തിയത്. ഈ ഓഫിസിൽ എത്തിയ ഇദ്ദേഹത്തോടെ അനുമതി നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇദ്ദേഹം ആദ്യം 10000 രൂപ കൈക്കൂലിയായി നൽകി. എന്നാൽ, ഇതിനു ശേഷവും കൈക്കൂലി ആവശ്യപ്പെട്ട് ഫോൺ വിളി തുടർന്നതോടെ കരാറുകാരൻ പരാതിയുമായി വിജിലൻസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലിക്കാരനായ ഉദ്യോഗസ്ഥനെപ്പറ്റി പ്രാഥമിക അന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ നടത്തുന്നത് ഗുരുതരമായ ക്രമക്കേടുകൾ ആണെന്നും കണ്ടെത്തി ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ നീക്കം ആരംഭിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 11.30 ന് ഓഫിസിലെത്തിയ കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.