കോട്ടയം: കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ പുതുപ്പള്ളി സെന്റ്.ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഇടുക്കി ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പൊലീത്ത കൊടിയേറ്റും.
പുതുപ്പള്ളി, എറികാട് കരകളിൽ നിന്നുള്ള കൊടിമര ഘോഷയാത്രകൾ 2മണിക്ക് ആരംഭിക്കും. ഘോഷയാത്രകൾ പള്ളിയിലെത്തിയ ശേഷമാണ് കൊടിയേറ്റ്. രാവിലെ 7.15ന് കുർബാന, 10.30ന് ധ്യാനം, ഒന്നിന് കഞ്ഞിനേർച്ച എന്നിവയുണ്ട്. 30-ന് ഉച്ചയ്ക്ക് രണ്ടിന് സാംസ്കാരിക സമ്മേളനം. മെയ് 6, 7, 8 തീയതികളിലാണ് പ്രധാനതിരുനാൾ.
6ന് വൈകിട്ട് ആറിന് പുതുപ്പള്ളി തീർഥാടനം, രാത്രി എട്ടിന് പ്രദക്ഷിണത്തിന് സ്വീകരണം, 8.30ന് ഗീവർഗീസ് സഹദാ അനുസ്മരണം. ഏഴിന് രാവിലെ 8.30ന് അഞ്ചിന്മേൽ കുർബാന, 11ന് മദ്ബഹായിൽ പൊന്നിൻകുരിശ് പ്രതിഷ്ഠ, രണ്ടിന് വിറകിടീൽ ഘോഷയാത്ര. വലിയ പെരുന്നാൾ ദിനമായ എട്ടിന് രാവിലെ 9ന് ഒമ്പതിന്മേൽ കുർബാന, 11.15ന് വെച്ചൂട്ട്, വൈകിട്ട് 4ന് അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പ് എന്നിവ നടക്കും.
പുതുപ്പള്ളി - ചങ്ങനാശേരി റോഡിൽ സ്ഥിതി ചെയ്യുന്ന പുതുപ്പള്ളി പള്ളിക്ക് ഏകദേശം നാലര നൂറ്റാണ്ട് പഴക്കമുണ്ട്. 1557ലാണ് പരിശുദ്ധ മാതാവിന്റെ നാമത്തിൽ ഈ പള്ളി സ്ഥാപിക്കപ്പെടുന്നത്. 1640-ൽ പരിശുദ്ധ ബഹനം സഹദായുടെ നാമത്തിൽ ഈ പള്ളി പൊളിച്ചു പണിതു. 1750ൽ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ വീണ്ടും കൂദാശ ചെയ്തു. 2003ൽ പ്രധാന പള്ളിയുടെ രൂപത്തിന് കാര്യമായ മാറ്റം വരുത്താതെ നവീകരിച്ചതോടെ ഇത് 3 പള്ളികൾ ചേർന്ന ദേവാലയമായി മാറി. പള്ളിയിലെ പൊന്നിൻ കുരിശും വെച്ചൂട്ടു സദ്യയും പ്രസിദ്ധമാണ്.