17 കോടിയുടെ സ്വർണം കടത്തിയ ബാങ്ക് മാനേജർ റിമാന്‍ഡിൽ
കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽനിന്ന് 17.20 കോടി രൂപ മൂല്യമുള്ള 26.24 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ അറസ്റ്റിലായ മുൻ മാനേജർ മധ ജയകുമാറിനെ കോടതി റിമാൻഡ് ചെയ്ത് ജെയിലിലടച്ചു. തട്ടിപ്പു നടത്തി മുങ്ങിയ മധ ജയകുമാറിനെ കർണാടക–തെലങ്കാന അതിർത്തിയായ ബീദർ ജില്ലയിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ കൊയിലാണ്ടി മജിസ്ട്രേറ്റിന് മുമ്പാകെ ഇയാളെ ഹാജരാക്കി.
തിരിച്ചറിയൽ കാർഡില്ലാതെ സിം എടുക്കാനായി ഒരു മൊബൈൽ ഫോൺ കടയിൽ ചെന്ന ഇയാൾ കടക്കാരുമായി തർക്കിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോളാണ് വടകരയിൽ കേസുള്ള കാര്യം അറിഞ്ഞത്. ഇതോടെ വിവരം കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. മധ ജയകുമാറിനെ തേടി ഇയാളുടെ സ്വന്തം നാടായ കോയമ്പത്തൂർ മേട്ടുപ്പാളയത്ത് തമ്പടിച്ചിരുന്ന അന്വേഷണ സംഘം ഉടൻ ബീദറിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പിടിയിലാകുമ്പോൾ ഭാര്യയും സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ആഡംബര കാറിലാണ് സഞ്ചരിച്ചിരുന്നത്.
ഓല മേഞ്ഞ പുരയിൽ താമസിച്ചിരുന്ന ഇയാൾക്ക് ഇപ്പോൾ ലിഫ്റ്റ് സൗകര്യം ഉൾപ്പെടെയുള്ള മൂന്നു നില വീടും നിരവധി ആഡംബര കാറുകളും കൂടാതെ ഫ്ലാറ്റും സ്ഥലവും ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെയും ഭാര്യയുടെയും അക്കൗണ്ട് മരവിപ്പിക്കുകയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളെല്ലാം ബ്ലോക്കാക്കുകയും ചെയ്തിരുന്നു.