കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി യുവതിയെയും കൈകുഞ്ഞിനെയും ഇടിച്ചിട്ടു. ആനവാതില്‍ സ്വദേശി സബീനയ്ക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ഡ്രൈവറും വണ്ടിയിലുണ്ടായിരുന്ന ആളുകളും ഇറങ്ങിപ്പോയതിന് പിന്നാലെ ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങുകയായിരുന്നു. പിന്നാലെ കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവതിയെ ഇടിച്ചിട്ടു. നിലത്തുവീണ യുവതിയുടെ കാലിന് മുകളിലൂടെയാണ് വണ്ടി കയറിയിറങ്ങിയത്.
ആശുപത്രി കോംപൌണ്ടിൽ നിറയെ രോഗികളുണ്ടായ സമയത്താണ് അപകടമുണ്ടായത്. പരിക്കേറ്റ സബീന ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. കുഞ്ഞിന് പരിക്കേറ്റിട്ടില്ല.