കോഴിക്കോട്: പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങിയതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ നിര്‍ദേശം. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെപന്തിരിക്കര ഭാഗത്തും 5 മണിയോടെ പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്തുമാണ് കാട്ടാനയെ കണ്ടത്. പ്രഭാത സവാരിക്കായി ഇറങ്ങിയവരും ആനയെ കണ്ടു. വീട്ടുമുറ്റത്ത് എത്തിയ ആന ജനങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവിടെ നിന്ന് പോവുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴിയില്‍ നിന്ന് വനപാലകരും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തി.
ഇതേ ആനയെ തന്നെയാണ് പൈതോത്ത് റോഡ് ഭാഗത്തും കണ്ടതെന്നാണ് കരുതുന്നത്. പള്ളിത്താഴ ഭാഗത്ത് നിന്ന് ആന പള്ളിയിറക്കണ്ടി ഭാഗത്തേക്കാണ് നീങ്ങിയത്. വനംവകുപ്പ് അധികൃതരും പൊലീസുകാരും നാട്ടുകാരും ചേർന്ന് ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പെരുവണ്ണാമുഴി ഭാഗത്തുള്ള വനമേഖലയില്‍ നിന്നാണ് ആന ഇറങ്ങിയതെന്ന് കരുതുന്നു. ഇത്രയും ദൂരത്തെത്തിയ ആനയെ എങ്ങനെ തിരിച്ച് കാട്ടിലേക്ക് അയയ്ക്കും എന്ന ആശങ്കയിലാണ് അധികൃതര്‍. പ്രദേശത്തെ വാഴ കൃഷി നശിപ്പിച്ചിട്ടുണ്ട്. കാട്ടാന ഇറങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്.