സിപിഎം അശ്ലീലകഥ മെനഞ്ഞപ്പോൾ ഞങ്ങൾ ചേർത്തുപിടിച്ചു, അടിമാലിയിലെ മറിയക്കുട്ടിക്കുള്ള വീട് 12ന് കൈമാറും: കെ. സുധാകരൻ

ഇരുന്നൂറേക്കറിൽ മറിയക്കുട്ടിയുടെ പഴയവീട് പൊളിച്ചാണ് പുതിയ വീട് നിർമിച്ചത്
kpcc president k sudhakaran handover the house to mariyakutty
മറിയക്കുട്ടി വീടിനു മുന്നിൽ
Updated on

കോതമംഗലം: അടിമാലിയിൽ ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിക്ക് കെ.പി.സി.സി. നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് പ്രസിഡന്റ് കെ. സുധാകരൻ കൈമാറും. ഇരുന്നൂറേക്കറിൽ മറിയക്കുട്ടിയുടെ പഴയവീട് പൊളിച്ചാണ് പുതിയ വീട് നിർമിച്ചത്. ജനുവരിയിൽ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനും ഡീൻ കുര്യാക്കോസ് എം.പിയും ചേർന്നാണ് വീടിന് തറക്കല്ലിട്ടത്.

"സി.പി.എം. എന്ന ക്രിമിനൽ പാർട്ടിയാൽ വേട്ടയാടപ്പെടുന്ന സാധാരണക്കാരിന്റെ പ്രതീകമാണ് മറിയക്കുട്ടിയെന്ന് കെ. സുധാകരൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 'സാമൂഹിക സുരക്ഷാ പെൻഷനുകൾ കോൺഗ്രസ് കൊണ്ടുവന്നതുതന്നെ ഈ നാട്ടിലെ പാവപ്പെട്ടവന്റെ അവകാശമായാണ്. എന്നാൽ, പെൻഷൻ അവകാശമല്ല ഔദാര്യമാണെന്നാണ് വിജയന്റെ സർക്കാർ കോടതിയിൽ പ്രഖ്യാപിച്ചത്. ഇത്തരം പ്രഖ്യാപനങ്ങൾ മാത്രമല്ല, പെൻഷൻ ചോദിച്ചിറങ്ങിയ മറിയക്കുട്ടി ചേട്ടത്തിയെ പോലെയുള്ള പാവങ്ങളെ വ്യാജപ്രചാരണം നടത്തി സി.പി.എം. നാണംകെടുത്തി', എന്നും അദ്ദേഹം ആരോപിച്ചു.

'സി.പി.എം. ഈ വന്ദ്യവയോധികയെപ്പറ്റി നവമാധ്യമങ്ങളിൽ അശ്ലീലകഥകൾ മെനഞ്ഞു. അവരെ അതിസമ്പന്നയായി ചിത്രീകരിച്ചു. അന്നംമുട്ടിച്ച സർക്കാരിനെതിരേ പ്രതികരിച്ചതിന്റെ പേരിൽ സി.പി.എം. അവരുടെ ജീവിതം വഴിമുട്ടിച്ചപ്പോൾ ചേർത്തുപിടിക്കാനാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തീരുമാനിച്ചത്. അതിന്റെ ഭാഗമായി നിർമ്മിച്ചുകൊടുക്കുമെന്ന് പറഞ്ഞ വീട് പൂർത്തിയായിരിക്കുന്നു. വെറും വാക്കുകൾ പറയുന്ന പ്രസ്ഥാനമല്ല, പാവപ്പെട്ടവന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന അവരുടെ ഹൃദയവികാരമാണ് നമ്മുടെ കോൺഗ്രസ്', അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.