കെഎസ്ഇബി ജീവനക്കാരുടെ വിനോദയാത്ര; പീരുമേട് ഇരുട്ടിലായത് 16 മണിക്കൂർ...!

14 ജീവനക്കാരാണ് കൂട്ട അവധിയെടുത്ത് ഇതര സംസ്ഥാനത്തേക്ക് വിനോദയാത്ര പോയത്.
Representative Image
Representative Image
Updated on

ഇടുക്കി: പീരുമേട്ടിലെ കെഎസ്ഇബി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയതോടെ വൈദ്യുതി മുടങ്ങിയത് 16 മണിക്കൂർ. പീരുമേട് ഫീഡറിന്‍റെ പരിധിയിലെ നാലായിരത്തോളം ഉപയോക്താക്കളാണ് മണിക്കൂറുകളോളം ഇരുട്ടിലായാത്. സംഭവം വിവാദമായതോടെ വകുപ്പു തല അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പീരുമേട്ടിൽ‌ ശക്തമായി മഴ പെയ്തതിനു പിന്നാലെ വൈദ്യുതിയും മുടങ്ങി. താലൂക്ക് ഓഫിസ്, താലൂക്ക് ആശുപത്രി, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളിലടക്കം വൈദ്യുതി മുടങ്ങി. നിരവധി സഞ്ചാരികളും ബുദ്ധിമുട്ടി. നാട്ടുകാർ പോത്തുപാറയിലുള്ള സെക്ഷന്‍ ഓഫിസിലേക്കു വിളിച്ചപ്പോൾ എല്ലാവരും ടൂർ പോയെന്നായിരുന്നു മറുപടി.

തുടർന്ന് പരാതികൾ വ്യാപകമായതോടെ രാത്രിയിൽ വനിതാ സബ് എന്‍ജിനീയറുടെയും പ്രദേശവാസിയായ സബ് എന്‍ജിനീയറുടെയും നേതൃത്വത്തിൽ തകരാർ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ആവശ്യത്തിനു ജീവനക്കാരില്ലാത്തതിനാൽ ലൈനിലെ തകരാർ കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.

14 ജീവനക്കാരാണ് കൂട്ട അവധിയെടുത്ത് ഇതര സംസ്ഥാനത്തേക്ക് വിനോദയാത്ര പോയത്. ഇതും കെഎസ്ഇബി ബോർഡിന്‍റെ അനുമതിയില്ലാതെയായിരുന്നു എന്നും പരാതിയുണ്ട്. സംഭവത്തിൽ പീരുമേട് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറോട് റിപ്പോർട്ട് സമർപ്പിക്കാനും കെഎസ്ഇബി ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.