കെഎസ്ആർടിസിക്ക് 'തിങ്കളാഴ്ച നല്ല ദിവസം': ഒറ്റ ദിവസം 9 കോടി രൂപ വരുമാനം ലക്ഷ്യം

5000 ബസുകൾ സർവീസ് നടത്തണം, എല്ലാ ബസുകളും ജീവനക്കാരും സർവീസിലുണ്ടാകണം, ജീവനക്കാർക്ക് മെഡിക്കൽ ലീവ് മാത്രം
കെഎസ്ആർടിസിക്ക് 'തിങ്കളാഴ്ച നല്ല ദിവസം': ഒറ്റ ദിവസം 9 കോടി രൂപ വരുമാനം ലക്ഷ്യം
Updated on

പി.ബി. ബിച്ചു

തിരുവനന്തപുരം: തിങ്കളാഴ്ച ദിവസമായ ഇന്ന് പ്രതിദിന വരുമാനം ഒമ്പത് കോടിയിലെത്തിക്കാൻ കർശന നിർദേശങ്ങളുമായി കെഎസ്ആർടിസി. ജീവനക്കാർക്ക് മെഡിക്കൽ ലീവ് മാത്രമാണ് ഇന്ന് അനുവദിക്കുക. യൂണിറ്റുകളിലെയും ഡിപ്പോകളിലെയും മുഴുവൻ ബസുകളും സർവീസ് നടത്തണം. ഇതിന് ആവശ്യമുണ്ടെങ്കിൽ ഡ്യൂട്ടി സറണ്ടർ അനുവദിക്കാവുന്നതാണെന്നും ഒരു ജീവനക്കാരൻ പോലും ഡ്യൂട്ടി ഇല്ലാതെ ഉണ്ടാകുവാൻ പാടില്ലെന്നും സിഎംഡി ബിജു പ്രഭാകർ നിർദേശം നൽകി.

കെഎസ്ആർടിസിക്കും സ്വിഫ്റ്റിനുമടക്കം 5500ൽ പരം ബസുകളുണ്ടെങ്കിലും നാലായിരത്തോളം ബസുകൾ മാത്രമാണ് സ്ഥിരമായി സർവീസ് നടത്താറുള്ളത്. കട്ടപ്പുറത്ത്‌ കിടക്കുന്നതിൽ 70 ശതമാനവും ഓർഡിനറി ബസുകളാണ്‌. അവ അറ്റകുറ്റപ്പണി നടത്തി ലാഭകരമായ റൂട്ട്‌ കണ്ടെത്തി ഓടിക്കണമെന്ന് നേരത്തെ നിർദേശമെത്തിയിരുന്നെങ്കിലും ഇത് പൂർണമായി നിരത്തിലെത്തിയില്ല.

ദിവസം 10 കോടി ലക്ഷ്യമിട്ട് ഓരോ സർവീസുകൾക്കും ടാർഗെറ്റും നൽകിയെങ്കിലും എട്ട് കോടിക്ക് മുകളിലേക്ക് പ്രതിദിന കലക്ഷൻ എത്താതായതോടെയാണിപ്പോൾ തിങ്കളാഴ്ചകളിലെ കലക്ഷൻ വർധിപ്പിക്കാൻ പുതിയ നിർദേശം എത്തിയിരിക്കുന്നത്. 5000 ബസ് സർവീസ് നടത്തി 9 കോടി നേടാനായാൽ കോർപ്പറേഷന് പ്രധാനമായി വരുമാനം ലഭിക്കുന്ന തിങ്കൾ, വെള്ളി ദിവസങ്ങളിൽ സർവീസുകൾ വർധിപ്പിക്കാനാണ് തീരുമാനം.

നിലവിൽ കെഎസ്ആർടിസിയിൽ ശമ്പളവിതരണം ഉൾപ്പടെ സർക്കാർ സഹായത്തോടെ ഗഡുക്കളായാണ് നൽകുന്നത്. പ്രതിദിന വരുമാനം ശരാശരി 10 കോടിയിലെത്തിയാൽ സ്വന്തം വരുമാനത്തിൽ നിന്നും ശമ്പളത്തിനുള്ള പണം കണ്ടെത്താമെന്ന പ്രതീക്ഷയാണുള്ളത്.ഇതിനായി ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പദ്ധതികളുണ്ട്. പാർസൽ ആന്‍റ് ലോജിസ്റ്റിക് സർവീസ് ഉൾപ്പടെ ആരംഭിച്ചിട്ടുണ്ട്.കെഎസ്ആര്‍ടിസിക്ക് 200 മുതല്‍ 220 കോടിവരെയാണിപ്പോൾ പ്രതിമാസവരുമാനം.

ഡീസല്‍ ചെലവ്, വായ്പാ തിരിച്ചടവ് തുടങ്ങിയവയ്ക്കുശേഷമുള്ള തുകയില്‍നിന്ന് പകുതിശമ്പളം നല്‍കാന്‍ സാധിക്കും. സര്‍ക്കാര്‍ സഹായം കിട്ടുന്നമുറയ്ക്കാണ് രണ്ടാംഗഡു നല്‍കുന്നത്. മാസ വരുമാനം ശരാശരി 240 കോടിയാക്കുകയാണ് പ്രതീക്ഷ. എല്ലാമാസവും കളക്ഷന്‍ 240 കോടി രൂപ ലഭിക്കാന്‍ സാധ്യത കുറവാണ്. തിരക്കുള്ള മാസങ്ങളില്‍ വരവ് 265 കോടിവരെയാകും. തിരക്കുകുറയുമ്പോള്‍ 215 കോടിയായി കുറയുമെന്നാണ് മാനേജ്മെന്‍റ് കണക്കാക്കുന്നത്. ഓരോ ഡിപ്പോയിലും പരമാവധി ബസുകള്‍ ഓടിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണം.

ബസുകള്‍ ഒതുക്കിയിടുന്നതും സര്‍വീസുകള്‍ മുടങ്ങുന്നതും പരമാവധി ഒഴിവാക്കണം. ബജറ്റ് ടൂറിസം, കൊറിയര്‍ എന്നിവയില്‍നിന്നുള്ള വരവ് കൂടി വർധിക്കുന്നതോടെ കോർപ്പറേഷന് സർക്കാർ സഹായമില്ലാതെ എല്ലാമാസവും ഒറ്റത്തവണയായി ശമ്പളം വിതരണം ചെയ്ത് മുന്നോട്ട് പോകാനാകും. ഇത് തൊഴിലാളി സംഘടനകളെ ധരിപ്പിച്ചിട്ടുണ്ട്. അവരുടെ സഹകരണം കൂടിയുണ്ടാകുമെന്നതിനാലാണ് തിരക്കുള്ള ദിവസങ്ങളിൽ കൂടുതൽ സർവീസ് നടത്തി വരുമാനം വർധിപ്പിക്കാനുള്ള നീക്കം.

Trending

No stories found.

Latest News

No stories found.