കാഞ്ഞങ്ങാട്: മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ബ്രീത്ത് അലൈസറുമായി എത്തിയ ഉദ്യോഗസ്ഥർക്ക് മുന്നില്‍, ശമ്പളം തന്നിട്ട് ഊതാമെന്ന് നിലപാടെടുത്ത കെഎസ്ആര്‍ടിസി ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്നു മാറ്റിനിർത്തി. കെഎസ്ആർടിസി കാഞ്ഞങ്ങാട് സബ് ഡിപ്പോയിലെ ഡ്രൈവറും കേരള ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജില്ലാ സെക്രട്ടറിയുമായ ചുള്ളിക്കര സ്വദേശി വിനോദ് ജോസഫാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
രാവിലെ 7ന് കാഞ്ഞങ്ങാട് നിന്നു പുറപ്പെടുന്ന പാണത്തൂർ-ഇരിട്ടി ബസിലെ ഡ്രൈവറായ വിനോദ് പുലർച്ചെ ജോലിക്കായി എത്തിയപ്പോഴാണ് ബ്രീത്ത് അനലൈസറുമായി ഇൻസ്പെക്ടർമാർ എത്തിയത്. ഇദ്ദേഹത്തോട് ബ്രീത്ത് അനലൈസറിൽ ഊതാൻ ആവശ്യപ്പെട്ടപ്പോൾ ജൂൺ 22 ആയിട്ടും ശമ്പളം നൽകാതെ ഇത്തരം നടപടികൾ മാത്രമായി മുന്നോട്ട് പോകുന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ഊതില്ലെന്ന് വാശി പിടിച്ചു. ഊതിയില്ലെങ്കിൽ ഡ്യൂട്ടിയിൽ കയറേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരും വാശി പിടിച്ചു.
ഊതാതെ മാറി നിന്ന ഇദ്ദേഹത്തെ പിന്നീട് ഡ്യൂട്ടിയിൽ നിന്നൊഴിവാക്കി. ലോഗ് പേപ്പറും തിരിച്ചു വാങ്ങി. ഇതിൽ പ്രതിഷേധിച്ച് വിനോദ് ഡിപ്പോയിൽ കുത്തിയിരിപ്പ് തുടങ്ങി. രാവിലെ 7ന് തുടങ്ങിയ കുത്തിയിരിപ്പ് 9.30 വരെ നീണ്ടു. ഇതിനിടയിൽ രക്തസമ്മർദം ഉയർന്ന് അവശനിലയിലായതോടെ സഹപ്രവർത്തകർ വിനോദിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം വിനോദ് വീട്ടിലേക്ക് മടങ്ങി.