കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം പിടിക്കൽ: വിവാദ ഉത്തരവ് പിന്‍വലിച്ചു

ശമ്പളം കൃത്യമായി കിട്ടാത്ത ജീവനക്കാരില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു
KSRTC employee salary deduction: Controversial order withdrawn
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം പിടിക്കൽ: വിവാദ ഉത്തരവ് പിന്‍വലിച്ചുfile image
Updated on

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഹിതം പിടിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു. ഗതാഗതമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് അടിയന്തരമായി തീരുമാനമെടുത്തത്. ജീവനക്കാരില്‍ നിന്നും അഞ്ചുദിവസത്തെ ശമ്പളം വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനായിരുന്നു കെഎസ്ആര്‍ടിഡി സിഎംഡി ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് വിവാദമായതോടെയാണ് തീരുമാനം.

ശമ്പളം പിടിക്കുന്നതിന് ജീവനക്കാര്‍ സമ്മതപത്രം നല്‍കണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. അഞ്ചുദിവസത്തെ വേതനം സംഭാവന ചെയ്യുന്നവര്‍ക്ക് മൂന്ന് ഗഡുക്കളായി തുക നല്‍കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കുന്ന തുക സെപ്റ്റംബര്‍ മാസത്തെ ശമ്പളം മുതല്‍ കുറവ് ചെയ്യുമെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍ ശമ്പളം കൃത്യമായി കിട്ടാത്ത ജീവനക്കാരില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സര്‍ക്കുലര്‍ വിവാദമായതോടെയാണ് ഗതാഗതമന്ത്രി വിഷയത്തില്‍ ഇടപെട്ടത്. ഉത്തരവിന് പിന്നില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് നിര്‍ദ്ദേശം നല്‍കി. അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒന്നരവര്‍ഷത്തിന് ശേഷമാണ് ഇത്തവണ ഒറ്റത്തവണയായി കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്തത്. ഇതിന് പിന്നാലെ ശമ്പളം പിടിക്കാനായി ഉത്തരവിറക്കിയതോടെ ജീവനക്കാരിലും വലിയ എതിര്‍പ്പുണ്ടാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.