പി.ബി. ബിച്ചു
തിരുവനന്തപുരം: വരുമാന വർധന ലക്ഷ്യമിട്ട് തിങ്കളാഴ്ചകൾക്ക് ടാർഗെറ്റ് നിശ്ചചിയിച്ച് നീങ്ങിയ കെഎസ്ആർടിസിക്ക് മഴ ഉൾപ്പെടെ തിരിച്ചടിയായതോടെ പ്രതീക്ഷിച്ച കലക്ഷൻ നേടാനായില്ല. 9 കോടി പ്രതിദിന കലക്ഷൻ ലക്ഷ്യമിട്ട് 5,000 ബസ് സർവീസുകളാണ് കോർപ്പറേഷൻ യൂണിറ്റുകൾക്ക് നിർദേശം നൽകിയതെങ്കിലും പ്രതീക്ഷിച്ചത്ര സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻ കഴിയാതിരുന്നതും തിരിച്ചടിയായി.
9 കോടിയിലേക്ക് എത്താൻ കഴിഞ്ഞില്ലെന്നതു മാത്രമല്ല, കഴിഞ്ഞ വർഷത്തെ ഓണം അവധിക്കു ശേഷമുള്ള പ്രവർത്തി ദിനമായിരുന്ന തിങ്കളാഴ്ച 3,941 സർവീസുകളിലൂടെ നേടിയ 8.41 കോടി എന്ന പ്രതിദിന റെക്കോഡ് തകർക്കാൻ പോലും എല്ലാ മുന്നൊരുക്കങ്ങളുമെടുത്തിട്ടും കോർപ്പറേഷനായില്ല. പ്രത്യേക സൂപ്പർ ക്ലാസ് സർവീസുകൾ ഉൾപ്പടെ മുൻകൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ നീങ്ങിയിട്ടും 7.39 കോടി മാത്രമാണ് പ്രതിദിന കലക്ഷൻ ഇനത്തിൽ നേടാനായത്.
5,000 ബസുകൾ നിരത്തിലിറക്കണമെന്ന നിർദേശവും നടപ്പായില്ല. 4,485 ബസുകളാണ് തിങ്കളാഴ്ച സർവീസ് നടത്താൻ ഉപയോഗിച്ചത്. കട്ടപ്പുറത്തുള്ള ബസുകൾ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി ഇറക്കാൻ കഴിയാതിരുന്നതും മഴ കനത്തതോടെ യാത്രക്കാർ സ്വന്തം വാഹനത്തെ കൂടുതലായി ആശ്രയിച്ചതും തിരിച്ചടിയായെന്നാണ് ജീവനക്കാരുടെ അഭിപ്രായം. 15 ലക്ഷത്തിൽ പരം കിലോമീറ്റർ സർവീസാണ് തിങ്കളാഴ്ച ഓപ്പറേറ്റ് ചെയ്തത്. 20,51,127 യാത്രക്കാർ.
1,604.1 ഡ്യൂട്ടികളിലൂടെ 33 ലക്ഷം ലിറ്റർ ഡീസലാണ് ചെലവായത്. സർവീസുകളിൽ നിന്നും 4,511 ആണ് ഇപികെഎം (ഏണിങ് പെർ കിലോമീറ്റർ). 119 സർവീസുകൾ നടത്തിയ കൊട്ടാരക്കരയാണ് കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്തതങ്കിലും 19 ലക്ഷത്തിൽ പരമാണ് കലക്ഷൻ. അതേസമയം, 85 സർവീസുകളിലൂടെ കോഴിക്കോട് യൂണിറ്റ് 25 ലക്ഷത്തിലേറെ രൂപ കലക്ഷൻ നേടി. 99 സർവീസുകളിൽ നിന്നും 172.45 ശതമാനം നേട്ടം കരസ്ഥമാക്കിയ പാപ്പനംകോടാണ് ടാർഗറ്റ് അച്ചീവ്മെന്റ്സിൽ ഒന്നാമത്.
തിങ്കളാഴ്ച 5,000 ബസ് സർവീസ് നടത്തി 9 കോടി നേടാനായാൽ കോർപ്പറേഷന് പ്രധാനമായി വരുമാനം ലഭിക്കുന്ന തിങ്കൾ, വെള്ളി ദിവസങ്ങളിൽ സർവീസുകൾ വർധിപ്പിക്കാനായിരുന്നു തീരുമാനം. നിലവിൽ ശമ്പളവിതരണം ഉൾപ്പടെ സർക്കാർ സഹായത്തോടെ ഗഡുക്കളായാണ് നൽകുന്നത്. പ്രതിദിന വരുമാനം ശരാശരി 10 കോടിയിലെത്തിയാൽ സ്വന്തം വരുമാനത്തിൽ നിന്നും ശമ്പളത്തിനുള്ള പണം കണ്ടെത്താമെന്ന പ്രതീക്ഷയാണുള്ളത്. ഇതിനായി ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പദ്ധതികളുണ്ട്.
വരും ദിവസങ്ങളിലും പരമാവധി കലക്ഷൻ നേടാൻ കൂടുതൽ സർവീസ് നടത്തണമെന്ന നിർദേശമാണ് കോർപ്പറേഷൻ നൽകിയിരിക്കുന്നതെങ്കിലും മഴ കനത്തതോടെ അതു നടപ്പാക്കാനാകുമോ എന്ന ആശങ്കയുണ്ട്.